തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന് ആദരാഞ്ജലി അർപ്പിച്ചുള്ള മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിൽ വീണാ ജോർജിന് രൂക്ഷ വിമർശനം. കെകെ ശൈലജയായിരുന്നു ആരോഗ്യമന്ത്രിയെങ്കിൽ ഇത്തരമൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും ചിലർ കമന്റുചെയ്തിട്ടുണ്ട്.
'ശൈലജ ടീച്ചർ, താങ്കൾ കേരളം കണ്ട ഏറ്റവും നല്ല ആരോഗ്യമന്ത്രി ആയിരുന്നെങ്കിൽ ഇന്ന് ആ കസേരയിൽ ഇരിക്കുന്നത് കേരളം കണ്ട ഏറ്റവും മോശം ആരോഗ്യമന്ത്രിയാണ്' എന്നാണ് ഒരു കമന്റ്, 'നിങ്ങളുണ്ടായിരുന്നെങ്കിൽ എന്ന് ഒരുവേള ആഗ്രഹിച്ചു പോകുന്നു സഖാവെ.., ടീച്ചറേ, അങ്ങ് ഉള്ള സമയം മനോഹരമായിരുന്നു ആരോഗ്യ മേഖല. പക്ഷെ ഇപ്പോൾ ഒന്നിനും പറ്റാത്താ അവസ്‌ഥ, ടീച്ചറമ്മ മന്ത്രിയായിരുന്നുവെങ്കിൽ ... സഹോദരി ബിന്ദുവിന് ആദരാഞ്ജലി, എന്തൊക്കെ പറഞ്ഞാലും കെ കെ ശൈലജ ടീച്ചർ ആരോഗ്യമന്ത്രിയായിരുന്ന കാലത്തെ അവസ്ഥയല്ല ഇന്ന് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് ഉള്ളത്. നാഥനില്ലാ കളരി പോലെയായി, മാദ്ധ്യമപ്രവർത്തനം പോലെയല്ല മന്ത്രിപ്പണി എന്ന ബോധ്യവും പലർക്കും ഉണ്ടാകട്ടെ' എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ദുരന്തത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ വീണാജോർജ് പോകാത്തതിനെ പലരും നിശിതമായ ഭാഷയിലാണ് വിമർശിച്ചത്. 'കുവൈറ്റിൽ തീ പിടിത്തം ഉണ്ടായപ്പോൾ അവിടെപ്പോയി രക്ഷപ്രവർത്തനം നടത്താൻ ഓടിപ്പോയി വിമാന ടിക്കറ്റ് എടുത്ത ആരോഗ്യ മന്ത്രി കോട്ടയത്തു മരണപ്പെട്ട ആളുടെ വീട്ടിൽ ഇതുവരെ പോയിട്ടില്ല, എന്താല്ലേ' എന്നാണ് വിമർശന കമന്റുകളിൽ ഒന്ന്.
കെകെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരണമടഞ്ഞ ബിന്ദുവിന്റെ വേർപാടിൽ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
വളരെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്ന ബിന്ദുവിൻ്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവൺമെന്റെ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ ബിന്ദുവിന്റെ മകളുടെ ഓപ്പറേഷൻ കൃത്യസമയത്ത് നടത്തുന്നതിനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.
LDF ഭരണകാലത്ത് വമ്പിച്ച പുരോഗതിയാണ് കോട്ടയം മെഡിക്കൽ കോളേജിന് ഉണ്ടായിട്ടുള്ളത്. ഇപ്പോൾ തകർന്നു വീണ കെട്ടിടം മാറ്റിപ്പണിയുന്നതിന് 2018ൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി കിഫ്ബിയിൽ ഇടപെട്ട് ഫണ്ട് ലഭ്യമാക്കിയിരുന്നു. കോവിഡ് മഹാമാരി കാരണം നിർമ്മാണ പ്രവർത്തനന്നിന് തടസ്സം നേരിട്ടെങ്കിലും ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിലേക്ക് രോഗികളെ മാറ്റാൻ തീരുമാനിച്ചതിനിടയിലാണ് കെട്ടിടം തകർന്ന് വേദനാജനകമായ അനുഭവമുണ്ടായത്.മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ മുൻകയ്യെടുത്താണ് കോളേജിൽ ഇപ്പോൾ നടന്നിട്ടുള്ള എല്ലാ വികസനങ്ങളും ഉണ്ടായിട്ടുള്ളത്. ഹൃദയ ശസ്ത്രക്രിയക്കായി വിശ്രമമില്ലാതെ പ്രവർത്തിച്ച് ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച ഡോക്ടറേയും ആരോഗ്യ വകുപ്പിൻ്റെ നേട്ടങ്ങളെയും കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങൾ തിരിച്ചറിയണം.
ബിന്ദുവിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണ്. ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം അവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഗവൺമെനിനോട് അഭ്യർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |