അനുമതിയില്ലാതെ വാർത്താസമ്മേളനം, വാർത്താക്കുറിപ്പ് അരുത്
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷോത്രോപദേശക സമിതികൾക്ക് കൂച്ചുവിലങ്ങ്. ദേവസ്വം ബോർഡിന്റെ അനുമതി കൂടാതെ വാർത്താസമ്മേളനമോ വാർത്താക്കുറിപ്പോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. ക്ഷേത്രങ്ങളുടെ നടത്തിപ്പിനും ചടങ്ങുകൾ വീഴ്ചയില്ലാതെ നടത്തുന്നതിനും ആവശ്യമായ സഹായം ബോർഡിന്റെ അനുമതിയോടെ ചെയ്യുകയാണ് ഉപദേശക സമിതികളുടെ ചുമതലയെന്നാണ് ജൂലായ് മൂന്നിന് ബോർഡ് സെക്രട്ടറി ഇറക്കിയ ഉത്തരവിലുള്ളത്.
ഭക്തരിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് ക്ഷേത്രനവീകരണം ഉൾപ്പെടെ ഉപദേശക സമിതികൾ നിർവഹിക്കുന്നത്. തുച്ഛമായ വിഹിതമാണ് ഇതിനായി ദേവസ്വം ബോർഡ് നൽകുന്നത്. അതിസങ്കീർണമാണ് ഇതിനായുള്ള നടപടിക്രമവും. ബോർഡിന്റെ പുതിയ നിർദ്ദേശത്തിൽ ഭക്തർക്കും സംഘടനകൾക്കും എതിർപ്പുണ്ട്.
ഹൈക്കോടതി ഉത്തരവ് പ്രകാരം രാഷ്ട്രീയ കക്ഷി നോമിനികൾക്ക് സമിതികളിൽ കയറാനാകില്ല. നറുക്കെടുപ്പിലൂടെയാണ് സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. അതിനാൽ സമിതി അംഗങ്ങൾ വിമർശനം ഉയർത്താനുള്ള സാദ്ധ്യത മുൻകൂട്ടി കണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് വിവരം. പുതിയ ഉത്തരവ് പ്രകാരം ദേവസ്വം ഓഫീസർമാരാണ് സമിതി ട്രഷറർ. ഇക്കാര്യം അംഗീകരിക്കാൻ പല സമിതികളും എതിർപ്പ് പ്രകടിപ്പിക്കുന്നതിനിടെയാണ് ബോർഡ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്.
ദൈന്യംദിന ചടങ്ങുകൾ നടത്താൻ തന്നെ ബുദ്ധിമുട്ട്
വിലക്കയറ്റം മൂലം ക്ഷേത്രങ്ങളുടെ ദൈന്യംദിന ചടങ്ങുകൾ പോലും പ്രതിസന്ധിയിലെന്ന് ഉദ്യോഗസ്ഥർ. വഴിപാട് ഇനങ്ങൾക്ക് ദേവസ്വം ബോർഡ് നൽകുന്ന വിഹിതം വർദ്ധിപ്പിച്ചിട്ട് നാലു വർഷം കഴിഞ്ഞു. 2021ലാണ് അവസാനമായി വിഹിതം കൂട്ടിയത്. ഇതിനിടെ വഴിപാട് നിരക്ക് വർദ്ധിപ്പിച്ചെങ്കിലും വിഹിതം വർദ്ധിപ്പിച്ചിരുന്നില്ല. ഈസമയം സമിതികളുടെ സഹായത്താലാണ് മുന്നോട്ടുപോകുന്നത്. ഒരു വർഷം രണ്ടുതവണ ശുചീകരണത്തിന് തുക അനുവദിക്കാറുള്ളതും ലഭിക്കാറില്ലത്രെ. താന്ത്രിക ചടങ്ങുകൾക്കുള്ള സാധനങ്ങളും ദക്ഷിണയും നൽകുന്നതും സമിതികളാണ്.
നാളികേരത്തിന് നൽകുന്നത് 12 രൂപ !...
ക്ഷേത്രങ്ങളിൽ വഴിപാട് നടത്തുന്ന തട്ടുനിവേദ്യത്തിൽ വയ്ക്കുന്ന നാളികേരത്തിന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് വിഹിതമായി നൽകുന്നത് വെറും 12 രൂപ. കിലോയ്ക്ക് 70 രൂപ പൊതുവിപണിയിലുള്ളപ്പോഴാണ് തുച്ഛമായ തുക നൽകുന്നത്. പാലിന് ലിറ്ററിന് 56 രൂപയാണെങ്കിൽ നൽകുന്നത് 35 രൂപ മാത്രം. നെയ്യിന് 225 രൂപയും എണ്ണയ്ക്ക് 90 മുതൽ 120 രൂപ വരെയുമാണ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |