വടക്കഞ്ചേരി: സാമ്പത്തിക ഞെരുക്കം മൂലം പ്രവർത്തനം അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ് സംസ്ഥാനത്തെ ഏക സർക്കാർ കമ്മ്യൂണിറ്റി കോളേജ്. കഴിഞ്ഞവർഷം പൂട്ട് വീണ വടക്കഞ്ചേരിയിലുള്ള കോളേജ് ഈ അദ്ധ്യയനവർഷവും പ്രവർത്തിക്കുമോ എന്നതിൽ വ്യക്തതയില്ല. സർക്കാർ ഫണ്ടിന്റെ കുറവാണ് കോളജിന്റെ പ്രവർത്തനം താളംതെറ്റാൻ കാരണമായത്. കഴിഞ്ഞവർഷം കോളജ് പ്രവർത്തിക്കാത്തത് അധികമാരും അറിഞ്ഞതുമില്ല. ഈ വർഷവും പ്രവർത്തനാനുമതി വൈകിയതോടെയാണ് കഴിഞ്ഞവർഷവും കോളേജ് പ്രവർത്തിക്കാതിരുന്നതു പുറത്തറിഞ്ഞത്. വാടകകെട്ടിടം ഉള്ളിലേക്ക് മാറിയായതും 40 കുട്ടികൾക്കുമാത്രം പ്രവേശനമുള്ളതും കോളേജിനെക്കുറിച്ച് അധികമാരും അറിയാതിരിക്കാൻ കാരണമായി. വടക്കഞ്ചേരി കണക്കൻതുരുത്തി റോഡിൽ മണ്ണാംപറമ്പിൽ കോളേജിന്റെ സ്വന്തം കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഇവിടെ ജൂലായ് മുതൽ കോളേജിന്റെ പ്രവർത്തനം ആരംഭിക്കുമെന്നു വടക്കഞ്ചേരി സർക്കാർ ആശുപത്രി കെട്ടിട ഉദ്ഘാടനവേളയിൽ പി.പി.സുമോദ് എം.എൽ.എ പറഞ്ഞിരുന്നു. പക്ഷെ, ഇതിനുള്ള നടപടികൾക്ക് ഇപ്പോഴും വേഗത വന്നിട്ടില്ല. ഇതിനോടു ചേർന്നുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ പണികൾ പൂർത്തിയാകാൻ ഇനിയും ഒന്നരമാസംകൂടി കാലതാമസം വരുമെന്നാണ് കരാർ കമ്പനി പറയുന്നത്. ടൈൽസ് വർക്ക് ഉൾപ്പെടെ നടക്കാനുണ്ട്. റോഡിൽ നിന്ന് കോളജിലേക്കുള്ള വഴിയും സഞ്ചാര യോഗ്യമാക്കാനുണ്ട്. 2012 ൽ ആരംഭിച്ച കോളജ് സർക്കാർ ആശുപത്രിക്ക് സമീപം വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ഒരു വർഷം കോളജിന്റെ പ്രവർത്തനം നിലച്ചതിനാൽ വാടക കെട്ടിടവും കാടുമൂടിയ നിലയിലായി. പ്രവർത്തിക്കാതെ കോടികൾ വിലമതിക്കുന്ന കെട്ടിടത്തിലെ മെഷിനുകളും ഇപ്പോൾ കേടുവന്ന നിലയിലാണ്.
ജൂലായ് മാസം തുടങ്ങിയിട്ടും തിരുവനന്തപുരത്തു നിന്നും അനുമതി വന്നിട്ടില്ലെന്നാണ് കോളേജ് നടത്തിവരുന്ന ഏജൻസി നൽകുന്ന വിവരം. സർക്കാർ ഫണ്ട് ഉപയോഗിച്ച് പട്ടികജാതി വികസന വകുപ്പിനു കീഴിൽ തലശേരിയിലെ നെട്ടൂർ ടെക്നിക്കൽ ട്രെയ്നിംഗ് ഫൗണ്ടേഷനാണ് കോഴ്സുകൾ നടത്തുന്നത്. ബെംഗളൂരുവാണ് ഏജൻസിയുടെ ആസ്ഥാനം. കോളജിന്റെ പ്രവർത്തനം സംബന്ധിച്ച് കഴിഞ്ഞ വർഷം പ്രൊപ്പോസൽ നൽകിയിരുന്നെങ്കിലും അനുമതി ലഭിച്ചില്ലെന്നു പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |