മാവേലിക്കര : ഉപജീവനത്തിനായി വീൽച്ചെയറിൽ ലോട്ടറി കച്ചവടം നടത്തുന്ന ഭിന്നശേഷിക്കാരൻ അനൂപിന് തലചായ്ക്കാൻ വീടൊരുങ്ങുന്നു. എല്ലാ ദിവസവും രാവിലെ മാവേലിക്കര ആർ.ടി ഓഫീസിന്റെ പരിസരത്ത് എത്തുന്ന അനൂപിന്റെ ദുരവസ്ഥ ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജിന്റെയും ഉദ്യോഗസ്ഥരുടെയും കണ്ണിൽപ്പെട്ടതാണ് എക്കാലത്തേയും സ്വപ്നം പൂവണിയുന്നതിലേക്ക് നയിച്ചത്.
'അനൂപിന് വേണം അടച്ചുറപ്പുള്ള വീട് പിന്നെ, മന്ത്രിക്കൊപ്പം ഒരുഫോട്ടോയും!' എന്ന തലക്കെട്ടിൽ കേരളകൗമുദി മേയ് 31ന് വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന്, തൊട്ടുത്തദിവസം മാവേലിക്കരയിൽ എത്തിയ ഗതാഗതമന്ത്രി ഗണേശ് കുമാർ അനൂപിനെ കാണുകയും ടിക്കറ്റുകൾ മഴ നനയാതിരിക്കാനുള്ള റാക്ക് സമ്മാനിക്കുകയും ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടർന്ന്, കട്ടച്ചിറ ജോൺ എഫ്.കെന്നഡി മെമ്മോറിയൽ സ്കൂളിലെ മാനേജ്മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അനൂപിന് വീട് വയ്ക്കാനുള്ള ഭൂമിക്കായി പണം സ്വരൂപിച്ച് കഴിഞ്ഞു. പാലക്കാട് ഒറ്റപ്പാലത്ത് നിന്നുള്ള ജീവകാരുണ്യ സംഘടനയായ സി.എം.എൻ ട്രസ്റ്റ് വീട് നിർമ്മിച്ചു നൽകാം എന്ന് ഉറപ്പു നൽകി. കരുനാഗപ്പള്ളിയിലെ ഗ്രാൻഡ് ടെക് ബിൽഡേഴ്സ് വീടിന്റെ നിർമ്മാണച്ചുമതല ഏറ്റെടുക്കുക കൂടി ചെയ്തപ്പോൾ അനൂപിന്റെ സ്വപ്നം സാഫല്യത്തിലേക്ക് അടുക്കുകയാണ്. ജൂലായ് ആദ്യവാരത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ് പറഞ്ഞു. പരിസ്ഥിതി, ഭിന്നശേഷിസൗഹൃദമായ ഭവനമാണ് ഒരുങ്ങുന്നത്. വീട് ലഭിക്കാൻ പോകുന്ന വിവരം മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത് നിറകണ്ണുകളോടാണ് അനൂപ് കേട്ടത്.
വരുമാനമില്ലാത്ത നാളുകൾ, വാടകവീട്ടിലെ താമസം
എല്ലുകൾ പൊടിയുന്ന അപൂർവരോഗത്തിന് അടിമയായ അനൂപ് തന്റെ ഇലക്ട്രിക് വീൽച്ചെയറിലിരുന്ന് മാവേലിക്കര ആർ.ടി ഓഫീസിലും പരിസരത്തും ലോട്ടറി വ്യാപാരം നടത്തിയാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. ലോട്ടറി വ്യാപാരത്തോടൊപ്പം വിവിധ സേവനങ്ങൾക്ക് ആർ.ടി ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് റോഡ് സുരക്ഷാ സന്ദേശം നൽകുന്നതിലൂടെയും ശ്രദ്ധേയനാണ്. ചെറിയ വാടകവീട്ടിൽ ഒരുപാട് യാതനകൾ സഹിച്ചാണ് അനൂപ് ദിവസങ്ങൾ തള്ളിനീക്കുന്നത് . വെള്ളക്കെട്ടുകൾ നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെയാണ് തന്റെ വീൽച്ചെയറിൽ വീട്ടിലേക്ക് പോകുന്നത്. മഴക്കാലത്ത് പുറത്തേക്കിറങ്ങാൻ കഴിയാത്തതിനാൽ ആഴ്ചകളോളം ഒരു വരുമാനവും ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ട സ്ഥിതിയും വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |