കാവാലം: ട്യൂഷന് പോകുംവഴി കൽക്കെട്ടിൽ നിന്ന് കാലുതെറ്റി തോട്ടിൽ വീണ ഒന്നാംക്ലാസുകാരനെ കൂട്ടുകാരനായ അഞ്ചാം ക്ലാസുകാരൻ സാഹസികമായി രക്ഷിച്ചു. കാവാലം പഞ്ചായത്ത് ഏഴാം വാർഡ് പത്തിൽവടക്കേച്ചിറ പ്രജിത്ത്-രാഖി ദമ്പതികളുടെ ഇളയമകൻ കാവാലം ഗവ.എൽ.പി.എസ് വിദ്യാർത്ഥി അഭിദേവിനാണ് ബാബു നിലയത്തിൽ അനിൽകുമാർ-അനുമോൾ ദമ്പതികളുടെ മകൻ അനുഗ്രഹ് രക്ഷകനായത്.
വ്യാഴാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. സ്‌കൂൾ വിട്ട് വീട്ടിലെത്തിയശേഷം അനുഗ്രഹും അഭിദേവും കൂട്ടുകാരുമൊത്ത് പെരുമാൾ ജെട്ടിക്കടുത്തുള്ള വീട്ടിലേക്ക് ട്യൂഷൻ പഠനത്തിനായി നടന്നുപോകുമ്പോൾ അഭിദേവ് കാൽതെറ്റി തോട്ടിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾ പകച്ചു നിന്നപ്പോൾ അനുഗ്രഹ് തോട്ടിലേക്ക് ചാടി സുഹൃത്തിനെ എടുത്തുയർത്തി സമീപത്തെ കൽക്കെട്ടിനരികെ എത്തിച്ചു. സംഭവം കണ്ട് മറുകരയിൽ നിന്ന പ്രദേശവാസികളായ ഏതാനും പേർ നീന്തിയെത്തി അഭിദേവിനെ കരയ്ക്കു കയറ്റി. കാവാലം ഗവ യു.പി.സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അനുഗ്രഹ്. സ്കൂൾ അദ്ധ്യാപകരും പി.ടി.എയും അനുഗ്രഹിനെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |