കോട്ടയം : ടെക്‌സ്‌റ്റൈൽസ് ഷോപ്പിലെ 300 രൂപ കൊണ്ട് മക്കളുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു ബിന്ദു. ഇതിനിടെ പ്രതിസന്ധികൾ ഒന്നൊന്നായി തലപൊക്കിയപ്പോഴും തളർന്നില്ല. പക്ഷേ മകളുടെ രോഗം വല്ലാതെ അലട്ടി. ചികിത്സയ്ക്കായി മകളോടൊപ്പം കഴിയുമ്പോഴാണ് അപ്രതീക്ഷിത ദുരന്തം ഒരുകുടുംബത്തിന്റെ പ്രതീക്ഷകളെയാകെ തകിടംമറിച്ചത്. ബി.കോം ബിരുദദാരിയായിരുന്നു ബിന്ദു. കൊല്ലം തേവലക്കര സ്വദേശിയും മേസ്തിരിപ്പണിക്കാരനുമായിരുന്നു ഭർത്താവ് വിശ്രുതൻ. പിന്നീട് തലയോലപ്പറമ്പിലേക്ക് താമസം മാറി. തലയോലപ്പറമ്പിൽ പച്ചക്കറി കടയിലായിരുന്നു ആദ്യം ജോലി. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് മൂന്ന് വർഷം മുൻപ് ശിവാസ് ടെക്‌സ്റ്റൈയിൽ ഷോപ്പിലേക്ക് മാറി. 300 രൂപ ദിവസക്കൂലിയായിരുന്നു. രാവിലെ 9 മുതൽ രാത്രി 7 വരെയാണ് ജോലി സമയം. വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ മാറിയാണ് ഷോപ്പ്. 2002 ൽ ലൈഫ് മിഷൻ പദ്ധതിയിൽ നിന്നുമാണ് അഞ്ച് സെന്റിൽ വീട് നിർമ്മിച്ചത്. നിർമ്മാണം ഇനി പൂർത്തിയാകേണ്ടതുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും വായ്പഎടുത്തത് സംബന്ധിച്ചും മകളുടെ ചികിത്സ സംബന്ധിച്ചും ആശങ്കയിലായിരുന്നു ബിന്ദു. മകൻ നവനീത് ജോലിയിൽ പ്രവേശിച്ചതേയുള്ളൂ. മകളുടെ പഠനം പൂർത്തിയായി ജോലിയിൽ പ്രവേശിച്ച് പ്രശ്‌നങ്ങളെല്ലാം തീരുമെന്ന പ്രതീക്ഷയിലായിരുന്നു.
തനിക്ക് ലഭിക്കാതെ പോയ സൗഭാഗ്യം മക്കളിലൂടെ പൂർത്തിയാക്കണമെന്നായിരുന്നു ആഗ്രഹം. ജൂലായ് ഒന്നിനാണ് വിശ്രുതനും, ബിന്ദുവും ആന്ധ്ര അപ്പോളോ ആശുപത്രിയിൽ നാലാം വർഷ ബി.എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥിനിയായ മകൾ നവമിയുമായി മെഡിക്കൽ കോളേജിൽ എത്തിയത്. മകൻ നവനീത് തൊടുപുഴ അൽ അസർ കോളേജിൽ നിന്നും എൻജിനിയറിംഗ് പൂർത്തിയാക്കി എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിപ്പിച്ചു. ആറ് മാസത്തിന് ശേഷം നവമിയുടെ കോഴ്‌സ് പൂർത്തിയാകും. 20 ലക്ഷത്തോളം രൂപ വിദ്യാഭ്യാസ ലോണെടുത്തിരുന്നു. ഇതിന്റെ അവസാന ഗഡു വാങ്ങുന്നതിനും ചികിത്സയ്ക്കുമാണ് ഒരു മാസം മുൻപ് നവമി നാട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |