ചീരാൽ: ദേശീയ തലത്തിൽ ഇൻഡ്യാ മുന്നണിയെ നയിക്കാനുള്ള പക്വത കോൺഗ്രസിനില്ലെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും റവന്യൂ മന്ത്രിയുമായ അഡ്വ. കെ. രാജൻ. സി.പി.ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ചീരാലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് താത്പര്യമില്ലായിരുന്നു. കാലാവധി കഴിയാത്ത രാജ്യസഭ അംഗങ്ങളെ വരെ ലോക് സഭയിലേക്ക് മത്സരിപ്പിച്ചത് ആ പാർട്ടിയുടെ അപക്വ നിലപാടുകളാണ്. ജനാധിപത്യത്തെ അട്ടിമറിക്കാനായി ബി.ജെ.പി ഇതര സംസ്ഥാനങ്ങൾക്കെതിരെ ഗവർണർമാരെ ഉപയോഗിക്കുകയാണ്. മത ചിഹ്നങ്ങളെ ഭരണഘടനയുടെ ഭാഗമാക്കാൻ അനുവദിക്കില്ല. മത നിരപേക്ഷത സംരക്ഷിക്കാൻ കേരളത്തിലെ മന്ത്രിമാരും ഉണ്ടാകും. സാമ്പത്തികമായി കേരളത്തെ കേന്ദ്രം ഞെരുക്കുകയാണ്. വിദ്യഭ്യാസ മേഖലക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുന്നില്ല. ഓണക്കാലത്തേക്ക് ഭക്ഷ്യ വകുപ്പിന് ഒരു സഹായവും അനുവദിക്കില്ലെന്നാണ് കേന്ദ്ര തീരുമാനം. സാമൂഹിക സുരക്ഷ സംസ്ഥാന സർക്കാർ ഉറപ്പാക്കും. ചൂരൽമല ദുരന്ത ബാധിതരെ കേന്ദ്രം വഞ്ചിച്ചു. എല്ലാ ദുരിത ബാധിതരുടേയും സംരക്ഷണം സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തും. രാജ്യത്തിന്റെ ഭരണ ഘടനയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. ക്രൂരമായ ഭരണകൂട നയമാണിത്. സോഷ്യലിസവും, മതേതരത്വവും ഭരണ ഘടനയിൽ നിന്ന് മാറ്റാൻ സ്റ്റേറ്റ് സ്‌പോൺസർ ടെറിറിസം നടത്തുകയാണ്. ഫെഡറൽ സംവിധാനങ്ങൾ മുന്നോട്ട് പോകണമെന്ന് കേന്ദ്ര സർക്കാർ ആഗ്രഹിക്കന്നില്ല. ഫാസിസ്റ്റ് ഭരണകൂടത്തിന് അന്ത്യം കുറിക്കാൻ എല്ലാവരും ഒന്നിക്കണം. ഇൻഡ്യാ മുന്നണിയെ സംഘപരിവാർ ഭയപ്പെട്ടിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ നാന്നൂറിലധികെ സീറ്റുകൾ നേടുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു അദ്ധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.വി ബാലൻ പ്രസംഗിച്ചു. പി.എം ജോയി സ്വാഗതവും സി.എസ് സ്റ്റാൻലി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |