നെന്മാറ: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏഴു പഞ്ചായത്തുകളിലായി 45 പച്ചത്തുരുത്തുകൾ സ്ഥാപിച്ചു. 2019 മുതലുള്ള കണക്കാണിത്. ജൂൺ അഞ്ചു മുതൽ സെപ്തംബർ 30 വരെയുള്ള വൃക്ഷവത്കരണ കാമ്പയിനിന്റെ ഭാഗമായി സ്ഥാപിച്ച ഒമ്പത് പച്ചതുരുത്തുകൾ കൂടി ഇതിൽ ഉൾപ്പെടും. പുതുതായി മൂന്ന് പച്ചത്തുരുത്തുകൾ കൂടി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബ്ലോക്ക് പഞ്ചായത്ത്. പേര, സപ്പോട്ട, ചാമ്പക്ക, നാരകം, നാട്ടു മാവ്, പ്ലാവ്, തുടങ്ങി 25 ഓളം തൈകൾ നട്ടുപിടിപ്പിച്ചാണ് പച്ചത്തുരുത്തുകൾ നിർമ്മിച്ചിരിക്കുന്നത്. നെന്മാറ പഞ്ചായത്തിൽ ചാത്തമംഗലം പാലത്തിനടുത്ത് ചപ്പാത്തിപ്പുഴയിലെ മൂന്ന് പച്ചത്തുരുത്തുകൾ, എലവഞ്ചേരിയിൽ തൂറ്റിപാട് വാതക ശ്മശാനത്തിനടുത്ത് ഗായത്രി പുഴയ്ക്ക് തീരത്തെ രണ്ട് പച്ചത്തുരുത്തുകൾ, പല്ലശ്ശനയിലെ വാമല, ചെട്ടിയാർപാടം, തല്ലുമന്നം എന്നിവിടങ്ങളിലായി നാല് പച്ചത്തുരുത്തുകൾ, മേലാർക്കോട് ആറ്റാലക്കടവിൽ ഒരു പച്ചത്തുരുത്ത് തുടങ്ങിയവയാണ് പ്രധാന പച്ചതുരുത്തുകൾ. കൂടാതെ വിവിധ സ്‌കൂളുകളിലും പച്ചത്തുരുത്തുകൾ നിർമ്മിച്ചിട്ടുണ്ട്.
കൂടുതൽ കാർബൺ ഡൈ ഓക്‌സൈഡുകൾ വലിച്ചെടുത്ത് അന്തരീക്ഷത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്ന മുളവർഗത്തിനാണ് പച്ചതുരുത്തുകളിൽ പ്രാധാന്യം നൽകുന്നത്. ഓക്സിജൻ കൂടുതൽ ഉൽപാദിപ്പിക്കുന്ന ഈറ്റ, മുരിങ്ങ, ലൗലോലി, മുളളാത്ത, കടച്ചക്ക, കൈത, കരിമ്പന തുടങ്ങിയ വൃക്ഷങ്ങളും പച്ചത്തുരുത്തുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പനപർവ്വം പദ്ധതിയുടെ ഭാഗമായി പല്ലശ്ശനയിൽ വാമലയ്ക്ക് താഴെ കരിമ്പനകളുടെ കായ്കൾ ശേഖരിച്ച് മുളപ്പിച്ച് നട്ടുപിടിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ വ്യാപക പച്ചതുരുത്തുകളാണ് നെന്മാറ ബ്ലോക്കിൽ സജ്ജമാക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |