ന്യൂഡൽഹി : സുപ്രീംകോടതിയിൽ കേസ് നിലനിൽക്കേ, വിവാദ വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. വഖഫ് സ്വത്തുക്കളുടെ സമഗ്ര വിവരങ്ങൾ പ്രത്യേക പോർട്ടലിൽ ലഭ്യമാക്കും. നിയമഭേദഗതി ഏപ്രിൽ എട്ടിനാണ് നിലവിൽ വന്നത്. അതിനുശേഷം വഖഫ് ചെയ്ത സ്വത്തുക്കൾ മൂന്നു മാസത്തിനകം രജിസ്റ്രർ ചെയ്യണം. വഖഫ് കൈകാര്യം ചെയ്യുന്ന വ്യക്തിയായ മുത്തവല്ലി മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും നൽകി പോർട്ടലിൽ എൻറോൾ ചെയ്‌തിരിക്കണം. വഖഫ് സ്വത്തുക്കൾ തെറ്റായാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിൽ, ജില്ലാ കളക്ടറുടെ റഫറൻസ് കിട്ടി ഒരു വർഷത്തിനകം സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ അന്വേഷണം പൂർത്തിയാക്കണം. യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്പ്മെന്റ് റൂൾസ് 2025 എന്ന പേരിലാണ് ന്യൂനപക്ഷകാര്യ മന്ത്രാലയം ചട്ടങ്ങൾ നോട്ടിഫൈ ചെയ്‌തത്.
ഭേദഗതി നിയമത്തിലെ വകുപ്പ് 108ബി പ്രകാരമാണ് ചട്ടങ്ങൾ പുറത്തിറക്കിയത്. വഖഫ് സ്വത്ത് മാനേജ്മെന്റ് സിസ്റ്റം, രജിസ്ട്രേഷൻ, അക്കൗണ്ട്സ്, ഓഡിറ്റ്, വിധവകൾ -വിവാഹമോചിതർ-അനാഥർ തുടങ്ങിയവർക്ക് ജീവനാംശം നൽകുന്ന രീതി എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് ചട്ടങ്ങൾ പുറത്തിറക്കാൻ അധികാരം നൽകുന്ന വകുപ്പാണിത്.
ഓരോ വഖഫിനും
യൂണിക് നമ്പർ
#ഓരോ വഖഫിനും യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ.സംസ്ഥാനങ്ങളിലെ വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ നമ്പറിലൂടെ ലഭ്യമാകും. പോർട്ടലിന്റെയും ഡേറ്രബേസിന്റെയും മേൽനോട്ടം ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിക്കായിരിക്കും.
അതിര് അടക്കം പ്രസിദ്ധീകരിക്കണം,
ആര് നൽകി, എന്തിനു നൽകി?
സർവേ പൂർത്തിയാക്കിയശേഷം വഖഫുകളുടെ പട്ടിക സംസ്ഥാന സർക്കാർ പ്രസിദ്ധീകരിക്കണം. ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനകം പട്ടിക പ്രത്യേക പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. സംസ്ഥാനങ്ങൾ കേന്ദ്രീകൃത സപ്പോർട്ട് യൂണിറ്റും സ്ഥാപിക്കണം. ജോയിന്റ് സെക്രട്ടറിയിൽ കുറയാത്ത ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയമിക്കണം. കേന്ദ്രസർക്കാരുമായി കൂടിയാലോചിച്ച ശേഷമാകണം നടപടികൾ.
# ഓരോ വഖഫ് സ്വത്തിന്റെയും അതിരുകളുടെ വിവരം പട്ടികയിലുണ്ടാകണം
അവ എന്തിന് ഉപയോഗിക്കുന്നു, ആരുടെ കൈവശം, വഖഫ് നൽകിയതാര്, നൽകിയ തീയതി, എന്തു ഉദ്ദ്യേശത്തിനാണ് വഖഫ് നൽകിയത്,
നിലവിലെ മുത്തവല്ലിയും മാനേജ്മെന്റും തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |