ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ സ്ക്വയർ നഗരത്തിലെ ഏറ്റുവുമധികം തിരക്കേറിയ കവലയാണെങ്കിലും ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ പോലും നിയോഗിക്കാത്തതിനാൽ അപകടങ്ങൾ പതിവാകുന്നു. ട്രാഫിക്ക് പൊലീസില്ലെന്ന് മാത്രമല്ല, വാഹനങ്ങളുടെ അമിത വേഗത കുറക്കാൻ യാതൊരു സംവിധാനങ്ങളും ഇവിടെയില്ല. കാൽനട യാത്രക്കാരുടെ സുരക്ഷക്കായുള്ള സീബ്ര ലൈൻ മാഞ്ഞിട്ടും അധികൃതർ കണ്ടഭാവം നടക്കുന്നില്ല.
സബ് ജയിൽ റോഡ് സംഗമിക്കുന്ന കവലയാണ് റെയിൽവേ സ്റ്റേഷൻ സ്ക്വയർ. റെയിൽവേ സ്റ്റേഷനും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുമായി നൂറുമീറ്രർ അകലം പോലുമില്ല. പമ്പ് കവല മുതൽ ജില്ലാ ആശുപത്രി വരെ നടപ്പാതകളിൽ പോലും ആളുകളുടെ വലിയ തിരക്കാണ്. സബ് ജയിൽ റോഡിൽ നിന്ന് പമ്പ് കവലയിലേക്ക് പോകേണ്ട വാഹനങ്ങൾ ഇടത്തേയ്ക്ക് തിരിഞ്ഞ ശേഷം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച തറയിൽ യു ടേൺ ചെയ്യണം. എന്നാൽ ഇതൊന്നും ചെറുതും വലുതുമായ വാഹന യാത്രക്കാർ പാലിക്കാറില്ല. ഇവർ സബ് ജയിൽ റോഡിൽ നിന്ന് നേരിട്ട് പമ്പ് കവല റോഡിലേക്ക് തിരിയും. ഇതെല്ലാം നിരവധി അപകടങ്ങളാണ് ക്ഷണിച്ച് വരുത്തുന്നത്. കൂടാതെ ഗതാഗതകുരുക്കും സൃഷ്ടിക്കുന്നു.
രാവിലെയും വൈകിട്ടും
കാൽനട പോലും ദുസ്സഹം
റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ രാവിലെയും വൈകിട്ടും കാൽനട യാത്രപോലും ദുസ്സഹമാണ്. ട്രെയിൻ യാത്രക്കാരാണ് ഏറെയും. പഴയ സ്റ്റാൻഡ് കവലയിൽ ബസിറങ്ങുന്ന റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരെല്ലാം ബസിന് മുമ്പിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതാണ് അപകടം ക്ഷണിച്ച് വരുത്തുന്നത്. ഇന്നലെ റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടവും സമാനമായ രീതിയിലായിരുന്നു.
അമിത വേഗത നിയന്ത്രിക്കണം
സബ് ജയിൽ റോഡ്, പമ്പ് കവല ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളെല്ലാം അമിത വേഗതിയിലാകുന്നതാണ് അപകടത്തിന് മറ്റൊരു കാരണം. ഇരുവശത്ത് നിന്നും റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് ഇറക്കമാണ്. റോഡിൽ തിരക്കില്ലെങ്കിൽ വാഹനങ്ങളെല്ലാം അമിത വേഗതിയിലായിരിക്കും. ഇതിനിടയിലാണ് യു ടേൺ തെറ്റിച്ച് ചില വാഹനങ്ങൾ കടന്നുപോകുന്നത്.
അമിത വേഗത നിയന്ത്രിക്കാൻ സബ് ജയിൽ റോഡിലും രാജാജി ലോഡ്ജിന് സമീപവും സ്പീഡ് ബ്രേക്കർ സംവിധാനവും ട്രാഫിക്ക് പൊലീസും അത്യാവശ്യമാണ്. കൂടാതെ മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കണം.
അഷറഫ്
വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |