ആദ്യഘട്ട നിർമ്മാണോദ്ഘാടനം നാളെ
പാലക്കാട്: പ്രാദേശിക കാർഷികോൽപ്പന്നങ്ങൾക്ക് പുതിയ വിപണി സാദ്ധ്യതകളും കർഷകർക്ക് മികച്ച വരുമാനവും ലക്ഷ്യമിട്ട് പെരുമാട്ടി പഞ്ചായത്ത് ആരംഭിക്കുന്ന ഹൈടെക് മാർക്കറ്റ് ആൻഡ് അഗ്രോ പ്രോസസിംഗ് യൂണിറ്റിന്റെ ഒന്നാംഘട്ട നിർമ്മാണോദ്ഘാടനം നാളെ നടക്കും. പ്ലാച്ചിമടയിൽ രാവിലെ 10:30ന് നടക്കുന്ന പരിപാടിയിൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനാവും. കെ.രാധാകൃഷ്ണൻ എം.പി, കെ.ബാബു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, ജില്ലാ കളക്ടർ ജി.പ്രിയങ്ക, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുജാത എന്നിവർ പങ്കെടുക്കും. 2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി 10 കോടി രൂപ വിനിയോഗിച്ചാണ് ഒന്നാംഘട്ട നിർമ്മാണം നടത്തുന്നത്. കർഷകർക്ക് ന്യായവില ഉറപ്പാക്കാനും കാർഷിക മേഖലയ്ക്ക് ഉണർവേകാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2014-15 സാമ്പത്തിക വർഷത്തിൽ 1.15 കോടി രൂപ മുടക്കി മൂലത്തറ വില്ലേജിലെ കമ്പാലത്തറയിൽ അഞ്ച് ഏക്കർ സ്ഥലം പഞ്ചായത്ത് ഇതിനായി വാങ്ങിയിരുന്നു. ഈ സ്ഥലത്ത് വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. പ്രാദേശിക കർഷകരുടെ ഉന്നമനം, ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഉത്പാദനം, കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ, കാർഷിക വിഭവങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ കയറ്റുമതി ചെയ്യാനുള്ള സാദ്ധ്യതകൾ എന്നിവയെല്ലാം ഈ മാർക്കറ്റിലൂടെ ലക്ഷ്യമിടുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |