ചെർപ്പുളശ്ശേരി: സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ 61ാം ചരമവാർഷികം ചെർപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിക്കും. കാവുവട്ടം ലക്ഷ്മി കല്യാണമണ്ഡപത്തിൽ 26ന് രാവിലെ 10 മണിക്ക് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. 1897 ൽ ചെർപ്പുളശ്ശേരി മോഴിക്കുന്നത്ത് മനയിൽ ജനിച്ച ബ്രഹ്മദത്തൻ നമ്പൂതിരി 1918 ൽ സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയത്. ബാലഗംഗാധര തിലകൻ ചെർപ്പുളശ്ശേരിയിലെ യോഗത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി ബ്രഹ്മദത്തൻ നമ്പൂതിരിയെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് 14 കിലോമീറ്റർ കുതിരവണ്ടിയുടെ പിറകിൽ കെട്ടിവലിച്ചുകൊണ്ട് പോയത് ചരിത്ര ഭാഗമാണ്. ഹിന്ദു, മുസ്ലീം മൈത്രിക്ക് വേണ്ടി പ്രവർത്തിച്ച തികഞ്ഞ മതേതര വാദിയായ ബ്രഹ്മദത്തൻ നമ്പൂതിരിയെന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ ജീവിതം പുതിയ തലമുറ അറിയേണ്ടതും പഠിക്കേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സ്വാഗത സംഘം ചെയർമാൻ പി.പി.വിനോദ് കുമാർ, ജനറൽ കൺവീനർ ഷബീർ നീരാണി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡി.സി.സി മെമ്പർ പി.സ്വാമിനാഥൻ, യു.ഡി.എഫ് ചെയർമാൻ ടി.ഹരിശങ്കരൻ, മുനിസിപ്പൽ കൗൺസിലർ കെ.എം.ഇസ്ഹാക്ക്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.അക്ബർ അലി, എൻ.ജനാർദ്ദനൻ, കെ.ജയനാരായണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |