വടക്കഞ്ചേരി: പുതുക്കോട് പഞ്ചായത്തു പരിധിയിൽ ഭക്ഷ്യവിഷ ബാധയെന്നു സംശയം. കോളറയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ പുതുക്കോട് പ്രദേശത്തു നടന്ന രണ്ട് വിവാഹ പരിപാടികളിൽ പങ്കെടുത്ത നിരവധി പേർക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. വിവരമറിഞ്ഞ് പഞ്ചായത്ത് ആരോഗ്യ വിഭാഗവും ആലത്തൂർ ഫുഡ് സേഫ്റ്റി അധികൃതരും പ്രദേശത്ത് നിന്നും ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വെള്ളത്തിലൂടെയാണോ അണുബാധ ഉണ്ടായതെന്നത് സ്ഥിരീകരിക്കുന്നതിന് മണ്ഡപത്തിൽ നിന്നുള്ള വെള്ളത്തിന്റെ അടക്കം സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഭക്ഷ്യവിഷബാധ ഏറ്റവർക്ക് കാര്യമായ തുടർ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും മുൻകരുതലായി രോഗം പടരാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. സാമ്പിളുകളുടെ പരിശോധന ഫലം വന്നാൽ മാത്രമേ വിഷബാധയുടെ ഉറവിടം മനസിലാവുകയുള്ളൂ എന്ന് പുതുക്കോട് ഹെൽത്ത് ഇൻസ്‌പെക്ടർ സത്യജിത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |