തിരുവനന്തപുരം : ജഡ്ജിയുടെ സ്വകാര്യ വാഹനം ഓടിക്കാൻ വിസമ്മതിച്ച കോടതി പ്യൂണിന് കോടതി നടപടികൾ അവസാനിക്കും വരെ നിൽപ്പ് ശിക്ഷ. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് ജഡ്ജിക്കെതിരെ കോടതി ജീവനക്കാരുടെ സംഘടന നൽകിയ പരാതിയിൽ പ്യൂണിന്റെ നിൽപ്പ് ശിക്ഷ ഹൈക്കോടതി രജിസ്ട്രാർ ഒഴിവാക്കി.
ജൂൺ 30ന് ചുമതലയേറ്റ ബാലരാമപുരം സ്വദേശി രാമകൃഷ്ണനോടാണ് തന്റെ സ്വകാര്യ കാർ കോടതിയിൽ ഓടിച്ചു കൊണ്ടുവരാൻ ജഡ്ജി നിർദ്ദേശിച്ചെന്നാണ് ആരോപണം. ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കിയിട്ടില്ലെന്നും മുൻപ് അപകടം നടന്നതിനാൽ കാർ ഓടിക്കാൻ ഭയമുണ്ടെന്നും രാമകൃഷ്ണൻ ജഡ്ജിയെ അറിയിച്ചു. തുടർന്ന് രാവിലെ 8.30ന് വീട്ടിലെത്തി ബ്രീഫ്‌കേയ്സ് കോടതിയിൽ എത്തിക്കാനായി നിർദ്ദേശിച്ചെന്നും പരാതിയിൽ പറയുന്നു. ക്യാൻസർ രോഗിയായ അമ്മയ്ക്ക് മറ്റാരും സഹായത്തിനില്ലെന്നും ജഡ്ജിയുടെ വീട്ടിൽ എന്നും ചെന്നാൽ പ്രതിദിനം 250 രൂപ അധികം കയ്യിൽ നിന്ന് ചെലവാകുമെന്നും രാമകൃഷ്ണൻ അറിയിച്ചു. ഇതേ തുടർന്ന് എല്ലാ ദിവസവും കോടതി നടപടികൾ അവസാനിക്കുന്നതുവരെ കോടതിയുടെ കോണിൽ നിൽക്കണമെന്ന് ജഡ്ജി നിർദ്ദേശിച്ചെന്നാണ് ആക്ഷേപം. ഇതിനെതിരെയാണ് കോടതി ജീവനക്കാരുടെ സംഘടന ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി പരിഹാരം കണ്ടത്.
1983ലെ ഹൈക്കോടതി സർക്കുലർ പ്രകാരം ജുഡിഷ്യൽ ഓഫീസർമാരുടെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ചേംബറിൽ എത്തിക്കുന്നത് പ്യൂണിന്റെ ജോലിയുടെ ഭാഗമാണ്. ഈ സർക്കുലറിന്റെ ചുവട് പിടിച്ചാണ് ചില ഓഫീസർമാർ വീട്ട് ജോലി ചെയ്യിക്കുന്നതെന്നാണ് ജീവനക്കാരുടെ പരാതി. സർക്കുലർ പിൻവലിക്കണമെന്നാണ് കോടതി ജീവനക്കാരുടെ ആവശ്യം. ജഡ്ജിമാർക്ക് വീട്ട് വാടക അലവൻസിന് പുറമെ സ്വകാര്യ ഡ്രൈവറെ അടക്കം നിയമിക്കുന്നതിന് അലവൻസ് ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |