ഇടുക്കി: അടിമാലി താലുക്കാശുപത്രിയിൽ നിന്ന് റെഫർ ചെയ്ത ഗർഭിണിയുടെ കുട്ടി മരിച്ചതുമായി ബന്ധപെട്ട് ഡോക്ടറിനെയും താലൂക്ക് ആശുപത്രിയെയും പ്രതികളാക്കുന്ന തരത്തിൽ വിഷയം വളച്ചൊടിക്കാനുള്ള ചിലരുടെ ശ്രമത്തിൽ കെ.ജി.എം.ഒ. എ ശക്തമായി പ്രതിഷേധിച്ചു. കൃത്യമായ നിർദ്ദേശങ്ങൾ ഡോക്ടറും ആശുപത്രിയും നൽകിയിട്ടുണ്ടായിരുന്നു എന്ന വസ്തുത മറച്ചു വെച്ച് ബന്ധുക്കളെ അനാവശ്യമായി തെറ്റിദ്ധരിപ്പിച്ച് ഡോക്ടർക്കെതിരെ വിവാദം ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇതു അംഗീകരിക്കാൻ സാധിക്കില്ല. കഴിഞ്ഞ മാസം 14 ന് ആശുപത്രിയിൽ പനിയും വയറുവേദനയുമായി എത്തിയ യുവതിക്കു വേണ്ട പരിശോധനകൾ എല്ലാം ഡോക്ടർ നടത്തി. പ്രസവം അടുത്തതിന്റെ ഒരു ലക്ഷണവും പരിശോധനയിൽ ഇല്ലായിരുന്നു. 36 ആഴ്ചയെ ഗർഭസ്ഥ സമയം ആയിട്ടും ഉണ്ടായിരുന്നുള്ളൂ. മൂത്രാശയ അണുബാധ പരിശോധനയിൽ ഉണ്ടായിരുന്നത് കൊണ്ട് അതിനുള്ള ചികിത്സ നൽകി. വയറു വേദനയും പനിയും മാറിയ അവരെ അടുത്ത ആഴ്ച സിസേറിയന് തീയതിയും കൊടുത്താണ് ഡോക്ടർ വിട്ടത്. പിറ്റേന്ന് ഞായറാഴ്ച പുലർച്ചെ മൂന്നിന് വേദനയായിട്ടു സ്ത്രീ വന്നു. പരിശോധനയിൽ പ്രസവത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ആകെയുള്ള അനസ്തീഷ്യ ഡോക്ടർ അന്ന് ഇല്ലാത്തതിനാൽ അടുത്ത ആശുപത്രിയിലേക്ക് റെഫർ ചെയ്യുകയാണ് ഉണ്ടായത്. മുമ്പുള്ള രണ്ടു പ്രസവവും സിസേറിയൻ ആയതിനാൽ ഇതിനും സിസേറിയൻ ആവശ്യമായിരുന്നു. വീഴ്ചകളെ തുറന്നു കാട്ടുന്നതിനോ പ്രതിഷേധിക്കുന്നതിനോ സംഘടന എതിരല്ല. എന്നാൽ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കിയിട്ട് വേണം അത്തരം നടപടികളെന്നും കെ.ജി.എം.ഒ. എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |