തിരുവനന്തപുരം: സ്‌കൂളിലെ വിദ്യാർത്ഥി- കായികാദ്ധ്യാപക അനുപാതം 300ൽ ഒന്നാക്കുന്നത് ആലോചനയിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. നിലവിൽ 500 വിദ്യാർത്ഥികൾക്കാണ് ഒരു കായികാദ്ധ്യാപകനുള്ളത്. ഹയർസെക്കൻഡറിയിലും എൽ.പി വിഭാഗത്തിലും കായികാദ്ധ്യാപകരെ അനുവദിക്കുന്ന കാര്യവും അടിയന്തരമായി പരിശോധിക്കുമെന്ന് അദ്ധ്യാപക സംഘടന നേതാക്കളുടെ യോഗത്തിൽ മന്ത്രി അറിയിച്ചു.
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ അദ്ധ്യാപകർക്ക് കൗൺസലിംഗ് പരിശീലനം നൽകും. പുതിയ ഹൈസ്‌കൂൾ സമയക്രമത്തിനും യോഗത്തിൽ അംഗീകാരമായി. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് സ്‌കൂൾ സമയം.
സ്‌കൂൾ ഉച്ചഭക്ഷണത്തിന്റെ പുതുക്കിയ മെനു അനുസരിച്ചുള്ള പാചക ചെലവ് വർദ്ധിപ്പിക്കണമെന്ന അദ്ധ്യാപക സംഘടനകളുടെ ആവശ്യം, ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഉച്ചഭക്ഷണത്തിന് വിഹിതം ലഭ്യമാകുമോയെന്ന് പരിശോധിക്കും. അക്കാഡമിക മാസ്റ്റർപ്ലാൻ നടപ്പിലാക്കാൻ സംഘടനകൾ പിന്തുണയറിയിച്ചു. സമഗ്ര ഗുണമേന്മ പദ്ധതി ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിൽ നടപ്പാക്കും. സ്‌കൂളിലെ ടേം, യൂണിറ്റ് പരീക്ഷകൾ തുടരും. കുട്ടികളുടെ യു.ഐ.ഡി (ആധാർ രേഖ) സംബന്ധിച്ച സാങ്കേതിക പ്രശ്നം പരിശോധിച്ച്, തസ്തിക നിർണയത്തിന് നിശ്ചയിച്ചിരുന്ന തീയതിക്കുശേഷം ലഭ്യമായ യു.ഐ.ഡികളുടെ എണ്ണം കൂടി പരിഗണിക്കുന്ന കാര്യം ഉടൻ തീരുമാനിക്കും. ആറാം പ്രവൃത്തിദിനമായ ജൂൺ 10ന് നടത്തിയ കണക്കെടുപ്പിൽ യു.ഐ.ഡി ഇല്ലാത്ത കുട്ടികളെ പരിഗണിച്ചിരുന്നില്ല.
എസ്.എസ്.കെ ജീവനക്കാരുടെ വേതനം സംബന്ധിച്ച പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര വിഹിതത്തിന്
നിയമനടപടി
കേന്ദ്രവിഹിതമായ 1,444.49 കോടി രൂപ ലഭ്യമാക്കാൻ അടിയന്തര നിയമനടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകി, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ.ജയപ്രകാശ്, 42 അദ്ധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |