ആലപ്പുഴ: അച്ഛനും അമ്മയും ചേർന്ന് കൊലപ്പെടുത്തിയ ഓമനപ്പുഴ കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിൻ (28) സാത്താൻ സേവ പോലെയുളള ഏതെങ്കിലും ആചാരങ്ങൾ പിന്തുടർന്നിരുന്നോയെന്ന് സംശയം. വീടിന്റെ ഭീത്തിയിൽ മോക്ഷം സംബന്ധിച്ച് കുറിച്ചിട്ടിരുന്ന വാചകങ്ങളാണ് ഇതിനാധാരം. എന്നാൽ, സാത്താൻസേവ സംബന്ധിച്ച മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മണ്ണഞ്ചേരി സി.ഐ ടോൾസൺ പി.ജോസഫ് പറഞ്ഞു. രാത്രിയിൽ എയ്ഞ്ചൽ എവിടെയാണ് പോയിരുന്നത് എന്നതു സംബന്ധിച്ചും വ്യക്തതയില്ല. ഫോണിന്റെ കാൾ ലിസ്റ്റ് പരിശോധിച്ചതിൽനിന്ന് ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടില്ല.
'മോക്ഷ, ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്, സാൽവേഷൻ' എന്നാണ് ചുമരിൽ എഴുതിയിട്ടിരുന്നത്. കൊലപാതകദിവസം വഴക്കിനിടെ എയ്ഞ്ചൽ ബൈബിൾ വലിച്ചെറിഞ്ഞിരുന്നെന്ന് മാതാപിതാക്കളുടെ മൊഴിയിലുണ്ട്. ചൊവ്വാഴ്ച രാത്രിയിലാണ് എയ്ഞ്ചലിനെ മാതാവ് ജെസിമോളുടെ സഹായത്തോടെ പിതാവ് ഫ്രാൻസിസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഫ്രാൻസിസും ജെസിമോളും ഭാര്യാസഹോദരൻ അലോഷ്യസും റിമാൻഡിലാണ്.
തിരുവസ്ത്രം ഉപേക്ഷിച്ച് വിവാഹിതയായി
കന്യാസ്ത്രീ ആകാനുള്ള വസ്ത്രം സ്വീകരിച്ചശേഷം സ്വന്തം ഇഷ്ടപ്രകാരം അത് ഉപേക്ഷിച്ചയാളാണ് എയ്ഞ്ചൽ. കന്യാസ്ത്രീയാകുന്ന വേളയിൽ സ്തുതി നൽകിയപ്പോൾ എയ്ഞ്ചൽ ആരെയും നോക്കിയതുപോലുമില്ലെന്നും, മുഖം ദേഷ്യഭാവത്തിലായിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ തിരുവസ്ത്രം ഉപേക്ഷിച്ചു. രണ്ടു വർഷം കഴിഞ്ഞു വിവാഹിതയായി. വിവാഹത്തിനുശേഷം എയ്ഞ്ചലിന്റെ സ്വഭാവം പെട്ടെന്ന് മാറുമായിരുന്നുവെന്നാണ് ഭർത്താവ് പ്രഹിനിന്റെ മൊഴി. മാതാവായ ജെസിമോളെ കസ്റ്റഡിയിൽ കിട്ടുന്നതിന് മണ്ണഞ്ചേരി പൊലീസ് ബുധനാഴ്ച കോടതിയിൽ അപേക്ഷ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |