തിരുവനന്തപുരം: കേരളകൗമുദിക്ക് നന്ദി പറഞ്ഞ് ശശിധരൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. ക്രമക്കേടിൽ മുങ്ങിയ നേമം സഹകരണ ബാങ്കിലെ നിക്ഷേപം പിൻവലിക്കാൻ കഴിയാത്തതിനാൽ, ചികിത്സയ്ക്ക് ചെലവായ പണം എങ്ങനെ കെട്ടുമെന്ന ആകുലതയിലായിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ട സഹകരണ മന്ത്രി വി.എൻ. വാസവൻ ഇടപെട്ടു. ശശിധരന് 6.5 ലക്ഷം നിക്ഷേപമുള്ള പ്രാവച്ചമ്പലം ഫാർമേഴ്സ് ബാങ്കിൽ നിന്ന് ഒരുലക്ഷം രൂപ ഇന്നലെ ആശുപത്രിയിലെത്തിച്ചു. സി.പി.എം പ്രാവച്ചമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജിജുവാണ് ഉച്ചയോടെ തുകയെത്തിച്ചത്.
പക്ഷാഘാതം വന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ 72കാരനെ കഴിഞ്ഞയാഴ്ച പ്രവേശിപ്പിച്ചിരുന്നത്.
നേമം സർവീസ് സഹകരണ ബാങ്കിൽ 14 ലക്ഷമാണ് പ്രാവച്ചമ്പലം നേതാജി നഗർ 'മണിവീണ" വീട്ടിൽ ശശിധരന്റെ നിക്ഷേപം. നേമത്തെ ക്രമക്കേട് അന്വേഷിച്ച് ശശിധരന് അടിയന്തരമായി പണം ലഭ്യമാക്കാൻ സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാറെ മന്ത്രി ചുമതലപ്പെടുത്തി. ബാങ്ക് ഭരണസമിതിയുമായി സംസാരിച്ച് പണം കൊടുക്കാനുള്ള നടപടിയെടുക്കണം.
ആശുപത്രിയിൽ 85,000 രൂപയായിരുന്നു ഇന്നലെ ശശിധരന് അടയ്ക്കേണ്ടിയിരുന്നത്. അഡ്മിറ്റായപ്പോൾ ഭാര്യ രമാദേവിയുടെ ബന്ധുവായിരുന്നു ബില്ലടച്ചത്. അരനൂറ്റാണ്ടിലേറെയായി സി.പി.എം അംഗമായ ശശിധരൻ കർഷകസംഘത്തിന്റെ ഏരിയാ കമ്മിറ്റി അംഗം കൂടിയാണ്. ചലചിത്ര വികസന കോർപ്പറേഷനിൽ അസിസ്റ്റന്റ് എൻജിനിയറായിരുന്നു. 2010ൽ വിരമിച്ചപ്പോൾ കിട്ടിയ തുകയടക്കം നിക്ഷേപിച്ചു. കഴിഞ്ഞവർഷമാണ് ബാങ്കിലെ ക്രമക്കേട് പുറത്തുവന്നത്.
എന്റെ അവസ്ഥ അവതരിപ്പിച്ച കേരളകൗമുദിക്കും ഉടൻ ഇടപെട്ട മന്ത്രി വാസവനും നന്ദി
- ശശിധരൻ
വാർത്ത കണ്ടാണ് ഇപെട്ടത്. ശശിധരന് നിക്ഷേപത്തുക തിരിച്ചുകൊടുക്കാനും നടപടിയെടുക്കും
- മന്ത്രി വി.എൻ.വാസവൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |