മാന്നാർ: കുട്ടമ്പേരൂരിൽ തെരുവ് നായ ആക്രമണത്തിൽ ചായക്കട നടത്തുന്ന സ്ത്രീയ്ക്ക് ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. മാന്നാർ കുട്ടമ്പേരൂർ കോയിക്കൽമുക്ക് ഇന്ത്യൻ ഓയിൽ പമ്പിനു തെക്കുവശം ചായക്കട നടത്തുന്ന ചെന്നിത്തല ഒരിപ്രം മഠത്തിൽ പടീറ്റതിൽ ഗോപിയുടെ ഭാര്യ മണിയമ്മ (66), കെട്ടിട നിർമ്മാണ സാമഗ്രികളുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവർ, വഴിയാത്രക്കാരായ ബംഗാൾ സ്വദേശികൾ ഉൾപ്പടെയുള്ളവർക്കാണ് കഴിഞ്ഞദിവസം കടിയേറ്റത്.
വ്യാഴാഴ്ച പുലർച്ചെ 5.30ഓടെയാണ് ചായക്കടയിൽ ജോലി ചെയ്തുകൊണ്ടിരുന്ന മണിയമ്മക്ക് കടിയേറ്റത്. പുലർച്ചെ 4ന് കട തുറന്ന് നാലഞ്ചുപേർക്ക് ചായ കൊടുത്തശേഷം കടയ്ക്കുള്ളിലെ പൈപ്പിൽ നിന്നും വെള്ളം ശേഖരിച്ച് കൊണ്ടിരുന്ന മണിയമ്മയുടെ ദേഹത്തേക്ക് തെരുവ് നായ ചാടിക്കയറുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തിൽ താഴെ വീണ മണിയമ്മയുടെ വയറിലും ഇടുതു കൈവിരലുകളിലും കടിയേറ്റു. കടയിലെ ജോലിക്കാരിയെത്തി മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവെയ്പുമെടുത്തു.
അഞ്ചുപേരെ കടിച്ച തെരുവുനായ് മൂന്നാം നാൾ ചത്തതായും പേ വിഷബാധ സംശയിക്കുന്നതായും നാട്ടുകാർ പറഞ്ഞു. രാവിലെ ട്യൂഷൻ കഴിഞ്ഞ് വരുന്ന വഴി കുട്ടമ്പേരൂർ പുല്ലാമഠത്തിൽ രാജേഷ്- അർച്ചന ദമ്പതികളുടെ മകനായ ആദിത്യന് ദിവസങ്ങൾക്ക് മുമ്പാണ് തെരുവുനായ ആക്രമണത്തിൽ കാലിന് പരിക്കേറ്റത്.
മാന്നാർ പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. പ്രധാനറോഡുകളും ഇടറോഡുകളും തെരുവ് നായ്ക്കൾ കൈയടക്കിയിരിക്കുകയാണ്. കാൽനട, ഇരുചക്ര വാഹനയാത്രക്കാരുമാണ് തെരുവ് നായ ആക്രമണത്തിന് കൂടുതൽ ഇരകളാകുന്നത്. പുലർച്ചെ നടക്കാൻ പോകുന്നവരെയും പാൽ, പത്രവിതരണക്കാരെയും പതിവായി ആക്രമിക്കുന്നതിനാൽ പുലർച്ചെ പുറത്തിറങ്ങാൻ പലരും മടിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |