നിറയെ ക്ഷേത്രങ്ങളുളള നഗരമാണ് അനന്തപുരി. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ശ്രീകണ്ഠേശ്വരവും ആറ്റുകാൽ ദേവിക്ഷേത്രവും പഴവങ്ങാടി ഗണപതിക്ഷേത്രവും പ്രസിദ്ധമാണ്. അക്കൂട്ടത്തിൽ ഒരു മഹർഷിയെ ആരാധിക്കുന്ന ഒരു ദേവാലയവും തിരുവനന്തപുരത്തുണ്ട്. ബാലരാമപുരം ശ്രീ അഗസ്ത്യാർ സ്വാമി ദേവസ്ഥാനം എന്നാണ് ക്ഷേത്രത്തിന്റെ പേര്. മഹർഷിമാരെ ആരാധിക്കുന്ന ഒരു ക്ഷേത്രം ലോകത്തുതന്നെ വിരളമാണ്. ഈ ക്ഷേത്രത്തിനുപിന്നിലെ ചരിത്രം അറിയാം.
ബാലരാമവർമ്മ മഹാരാജാവിന്റെ കാലത്തു രാജകുടുംബങ്ങൾക്ക് കസവുള്ളതും മേന്മയേറിയതുമായ കൈത്തറി വസ്ത്രങ്ങൾ നെയ്യാൻ ദിവാനായിരുന്ന ഉമ്മിണിതമ്പി വള്ളിയൂരിൽ നിന്ന് വിദഗ്ദരായ കുറച്ചു കൈത്തറി നെയ്ത്തുകാരെ അന്തിക്കാട് (ഇന്നത്തെ ബാലരാമപുരം) എത്തിച്ചു. വള്ളിയൂരിൽ നിന്ന് വന്ന ശാലി ഗോത്രക്കാരായ നെയ്ത്തുകാർ അവരുടെ ആരാധനാ മൂർത്തിയായ അഗസ്ത്യരെയും, പത്നിയായ ലോപാമുദ്രയെയും ഒരു ക്ഷേത്രം പണിത് ആരാധിച്ചു തുടങ്ങി. അതാണ് ബാലരാമപുരം ശ്രീ അഗസ്ത്യാർ സ്വാമി ദേവസ്ഥാനം.
ബ്രഹ്മപുരാണം അനുസരിച്ച് അഗസ്ത്യൻ, പുലസ്ത്യ മഹർഷിയുടെ പുത്രനാണ്. അഗസ്ത്യൻ വളരെക്കാലം നിത്യബ്രഹ്മചാരിയായി കഴിഞ്ഞുവെന്നും ഒടുവിൽ പിതൃക്കളുടെ പുണ്യകർമാനുഷ്ഠാനങ്ങൾക്ക് പിൻഗാമികളില്ലാതെ വന്നത് നിമിത്തം വിവാഹിതനായി എന്നും പുരാണ പരാമർശങ്ങളിൽ കാണുന്നു. അഗസ്ത്യൻ
വിദർഭ രാജാവിന്റെ ലോപാമുദ്രയെന്ന പേരിൽ സുന്ദരിയായ മകളെ വിവാഹം ചെയ്തു. ശ്രീ അഗസ്ത്യരും പത്നിയായ ലോപാമുദ്ര ദേവിയെയും ഇവിടെ ഒരു ശ്രീ കോവിലിൽ തന്നെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നടുവിലായി ഒരു ശിവ ലിംഗവും കാണാം. ഉപ ദേവതകളായി ഗണപതിയും, മുരുക സ്വാമിയും ഉണ്ട്. കൂടാതെ നവഗ്രഹങ്ങൾക്കും,നാഗർക്കും ധർമ്മശാസ്താവിനും സ്ഥാനമുണ്ട്.
ഈ ക്ഷേത്രത്തിന്റെ ഗോപുരം തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ വർണാഭമായ ഗോപുരങ്ങൾ പോലെയാണ്. ഗോപുരത്തിൽ പത്നി ലോപാമുദ്രയോടൊപ്പം നിൽക്കുന്ന അഗസ്ത്യരെ കാണാം. സപ്തർഷികളുടെയും തിരുജ്ഞാനസംബന്ധർ, തിരുനാവുക്കരശ് (അപ്പർ), സുന്ദര മൂർത്തി എന്നീ മൂന്ന് പ്രധാന നയനാർമാർക്കൊപ്പം മാണിക്കവാസകരുടെ ശില്പവും ഗോപുരത്തിൽ കാണാം. അഗസ്ത്യ മുനിയ്ക്കു മഹത്വങ്ങൾ ഏറെയുണ്ട്. തമിഴിൽ അദ്ദേഹത്തിന് കുറുമുനി എന്നൊരു പേര് കൂടിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |