കോട്ടയം മെഡിക്കൽ കോളേജാശുപത്രി കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുമ്പോൾ പാവപ്പെട്ട രോഗികളെയും കൂട്ടിരിപ്പുകാരെയും ഓർത്ത് ആശുപത്രി പരിസരം സമരവേദിയാക്കരുതെന്നാണ് ചുറ്റുവട്ടത്തിന്അപേക്ഷിക്കാനുള്ളത്. ആശുപത്രികൾക്ക് മുന്നിൽ വാഹനങ്ങൾ ഹോൺ മുഴക്കുന്നത് പോലും നിരോധിച്ചിരിക്കുമ്പോഴാണ് ബാരിക്കോഡ് തകർത്തുള്ള സമരമുറകളും, ജലപീരങ്കി പ്രയോഗവുമെല്ലാം അരങ്ങേറുന്നത്. പൊലീസ് ലാത്തിപ്രയോഗിച്ചാൽ സമരക്കാർ ഓടിരക്ഷപ്പെടുകയും മർദ്ദനമേൽക്കുന്നത് പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായിരിക്കും. മുദ്രാവാക്യം വിളിയും, ബഹളവും വേദന സഹിച്ചു കഴിയുന്ന രോഗികൾക്കായിരിക്കും ഏറെ ബുദ്ധിമുട്ടാകുക.
മകളുടെ ചികിത്സയ്ക്കായി എത്തിയ മാതാവ് അപകടത്തിൽ മരിച്ച സംഭവം ദൗർഭാഗ്യകരമാണ്. കെട്ടിടം തകർന്നതിനടിയിൽ ആരുമില്ലെന്ന് സംഭവസ്ഥലത്തെത്തിയ മന്ത്രിമാർ പറഞ്ഞതാണ് രക്ഷാപ്രവർത്തനം വൈകി വീട്ടമ്മ മരിക്കാൻ കാരണമെന്നാണ് പ്രതിപക്ഷ ആരോപണം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി സമരം നടക്കുന്നത്. എന്നാൽ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സൂപ്രണ്ടും, മികച്ച ഡോക്ടർക്കുള്ള സംസ്ഥാന സർക്കാർ അവാർഡും കേരള ശ്രീ പുരസ്ക്കാരവും നേടിയ ഡോ.ടി.കെ.ജയകുമാർ രംഗത്തെത്തിയിരുന്നു. മറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൂപ്രണ്ട് ഇക്കാര്യം മന്ത്രിമാരെ അറിയിച്ചത്. എന്നാൽ ഇതിന് പിന്നാലെ പ്രശസ്ത ഹൃദ്രോഗ ശസ്ത്രക്രിയ വിദഗ്ദ്ധനായ ഡോക്ടർക്കെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതുവരെ കേൾക്കാത്ത അപകീർത്തികരമായ കഥകൾ പടച്ചു വിട്ട് മാന്യനായ ഡോക്ടറെ അപമാനിക്കാനുള്ള നീക്കവും നടന്നു.
ആശുപത്രിയിലെ ചിലർ സൂപ്രണ്ടിനെ ക്രൂശിക്കാനുള്ള കളികൾക്ക് കൂട്ടുനിൽക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗ സ്ഥലത്തു നിന്ന് സംഭവമറിഞ്ഞു പാഞ്ഞെത്തിയ സൂപ്രണ്ടിനെയും മന്ത്രിമാരെയും തെറ്റിദ്ധരിപ്പിച്ചവർ ഉദ്യോഗസ്ഥരെങ്കിൽ അവർക്കെതിരെ കർശന നടപടി ഉണ്ടാകണം.
അപകടത്തിൽപ്പെട്ട വീട്ടമ്മ ശ്വാസം മുട്ടിയല്ല മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തെരച്ചിൽ വൈകിയെന്ന പ്രതിപക്ഷ ആരോപണം ശരിയല്ലെന്ന് ഇത് തെളിയിക്കുന്നതായി ഭരണപക്ഷം പറയുന്നു. വീട്ടമ്മയുടെ കുടുംബത്തിന്റെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാനും സർക്കാർ തയ്യാറായിയിട്ടുണ്ട്. എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നത്. സർക്കാനെതിരെ സമരം നടത്താം. പക്ഷേ, അത് പാവപ്പെട്ട രോഗികളുടെ നെഞ്ചത്താകരുതെന്നാണ് ചുറ്റുവട്ടത്തിന് ഓർമിപ്പിക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |