കൊച്ചി: കാസർകോട് കേന്ദ്ര സർവകലാശാലയിൽ ഈ അദ്ധ്യയന വർഷം മുതൽ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. ബി.എസ്‌സി ബയോളജി (ഓണേഴ്‌സ്), ബി.കോം ഫിനാൻഷ്യൽ അനലിസ്റ്റിക്‌സ് (ഓണേഴ്‌സ്), ബി.സി.എ (ഓണേഴ്‌സ്) എന്നിവയാണവ. നാല് വർഷ ബിരുദ പ്രോഗ്രാമുകളാണ് ഇവയെല്ലാം.
മൾട്ടിപ്പിൾ എൻട്രി, മൾട്ടിപ്പിൾ എക്‌സിറ്റ് രീതിയിലാണ് പ്രോഗ്രാമുകൾ. ഒന്നാം വർഷം സർട്ടിഫിക്കറ്റും രണ്ടാം വർഷം ഡിപ്ലോമയും മൂന്നാം വർഷം ബിരുദവും നേടാനാവും. മൂന്ന് വർഷ ബിരുദത്തിന് ശേഷം രണ്ട് വർഷം ബിരുദാനന്തര ബിരുദം ചെയ്യാം. നാല് വർഷം പഠിക്കുകയാണെങ്കിൽ ഡിഗ്രി ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദമാണ് ലഭിക്കുക. ഇവർക്ക് ഒരു വർഷത്തെ ബിരുദാനന്തര ബിരുദം പഠിച്ചാൽ മതി. ബിരുദാനന്തര ബിരുദം ഇല്ലാതെ നേരിട്ട് ഗവേഷണത്തിന് അഡ്മിഷൻ നേടാനും നാലു വർഷ കോഴ്സുകൊണ്ട് കഴിയും.
പ്രോഗ്രാം സ്പെഷ്യലൈസേഷനുകൾ
................................................
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വാണിജ്യ മേഖല കണക്കിലെടുത്താണ് ബി.കോം പ്രോഗ്രാം തയ്യാറാക്കിയിട്ടുള്ളത്. ക്വാണ്ടിറ്റേറ്റീവ് അനലിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, റിസ്‌ക് സ്ട്രാറ്റജിസ്റ്റ്, ഫിൻ ടെക് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ മേഖലകളിലാണ് സാദ്ധ്യതകൾ. ഫിനാൻസ്, ഡാറ്റാ സയൻസ്, സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ചുള്ള കോഴ്‌സുകൾ വിപണികൾ പ്രവചിക്കുന്നതിനും, അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനും പൈത്തൺ, പവർ ബിഐ, ഗ്ലോബൽ ഫിനാൻഷ്യൽ ഡാറ്റാബേസുകൾ തുടങ്ങിയവയിലും വൈദഗ്ദ്ധ്യം നൽകുന്നു.
സാങ്കേതികവിദ്യാ മുന്നേറ്റത്തിനൊപ്പം ലോകം അഭിമുഖീകരിക്കുന്ന വൈദഗ്ധ്യ കുറവുകൾ പരിഹരിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന ബി.സി.എ (ഓണേഴ്‌സ്) പ്രോഗ്രാം ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, സൈബർ സുരക്ഷ, സിസ്റ്റം അനാലിസിസ് തുടങ്ങിയ വിവിധ മേഖലകളെ സംയോജിപ്പിക്കുന്നു. സോഫ്റ്റ്‌വെയർ ഡെവലപ്പർ, എ.ഐ ഡെവലപ്പർ, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ, സിസ്റ്റം അനലിസ്റ്റ്, ഡാറ്റ സയന്റിസ്റ്റ് തുടങ്ങിയ മേഖലകളിൽ കരിയർ കണ്ടെത്താനും കഴിയും.
ബി.എസ്‌സി (ഓണേഴ്‌സ്) ബയോളജി പ്രോഗ്രാം സുവോളജി, മോളിക്യുലാർ ബയോളജി, എൻവയൺമെന്റൽ ബയോളജി, ജീനോമിക്‌സ്, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബയോഇൻഫർമാറ്റിക്‌സ് എന്നീ പ്രധാന മേഖലകളിൽ പ്രായോഗിക പരിശീലനം നൽകുന്നു. ബയോടെക് ക്ലസ്റ്ററുകൾ, എൻവയൺമെന്റൽ കൺസൾട്ടൻസി, ഫാർമസ്യൂട്ടിക്കൽസ്, പൊതുജനാരോഗ്യം, അക്കാഡമിക് ഗവേഷണം തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് കരിയർ കണ്ടെത്താം.
പ്രവേശനം
......................
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ദേശീയ തലത്തിൽ നടത്തിയ സി.യു.ഇ.ടി യു.ജി പൊതുപ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാണ് കേരള കേന്ദ്ര സർവകലാശാലയിലും പ്രവേശനം. പരീക്ഷയിൽ പങ്കെടുത്തവർ സർവകലാശാലയുടെ രജിസ്‌ട്രേഷൻ ആരംഭിക്കുമ്പോൾ രജിസ്റ്റർ ചെയ്യണം.
ഓർമിക്കാൻ ....
1. യു.ജി.സി നെറ്റ് ഉത്തര സൂചിക:- യു.ജി.സി നെറ്റ് ജൂൺ 2025 പ്രൊവിഷണൽ ഉത്തരസൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: ugcnet.nta.ac.in. ഉത്തരങ്ങൾ സംബന്ധിച്ച് തർക്കം ഉണ്ടെങ്കിൽ എട്ടാം തീയതി വരെ ചലഞ്ച് ചെയ്യാം.
സി.എ ഫലം പ്രസിദ്ധീകരിച്ചു
കൊച്ചി: സി.എ മേയ് 2025 ഫലം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: icai.nic.in
82662 പേർ പരീക്ഷ എഴുതിയതിൽ 12474 പേർ വിജയിച്ചു. 15.09 ആണ് വിജയ ശതമാനം. 400ൽ 362 മാർക്ക് നേടി ഗാസിയാബാദിലെ വൃന്ദ അഗർവാൾ ഒന്നാം റാങ്ക് നേടി. മാർക്ക് ലിസ്റ്റ് തപാലിൽ വിദ്യാർത്ഥികൾക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |