ഇടക്കൊച്ചി: സ്ലൂയിസുകൾ നിർമ്മിക്കുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യത്തിൽ, ഇടക്കൊച്ചിയിൽ കായൽ വേലിയേറ്റ വെള്ളപ്പൊക്കം തടയുന്നതിനായി താത്കാലിക തടയണ നിർമ്മാണം നാളെ ആരംഭിക്കും. കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൺ എന്നിവരുടെ അഭ്യർത്ഥനയെ തുടർന്നാണ് ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് തടയണ നിർമ്മിക്കാൻ കളക്ടർ അനുമതി നൽകിയത്.
മേയർ എം. അനിൽകുമാർ ചെറുതും വലുതുമായി ഏഴ് സ്ലൂയിസുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ഇതിന്റെ ടെൻഡർ നടപടികൾ നടക്കുകയാണെന്നും ജോലികൾ വൈകാതെ ആരംഭിക്കാനാകുമെന്നും നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.എ. ശ്രീജിത്ത് പറഞ്ഞു.
ഇടക്കൊച്ചി കമ്പനി പറമ്പ് ഭാഗം, കുട്ടിക്കൃഷ്ണൻ വൈദ്യർ റോഡ്, അംബേദ്കർ റോഡ് എന്നിവിടങ്ങളിലാണ് കായൽ വേലിയേറ്റ വെള്ളക്കെട്ട് മൂലം ജനങ്ങൾ ദുരിതം അനുഭവിക്കുന്നത്. പ്രദേശങ്ങളിലേക്ക് തുറന്നു കിടക്കുന്ന വലിയ കനാലുകൾ വഴിയാണ് കായൽ വെള്ളം ഒഴുകിയെത്തുന്നത്. കനാലുകളിൽ സ്ലൂയിസ് നിർമ്മിക്കുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകും.
ഇറിഗേഷൻ വകുപ്പ് സ്ലൂയിസിന് അനുമതി
കായലിൽ നിന്നുള്ള വേലിയേറ്റ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിനായി ഇടക്കൊച്ചി മേഖലയിൽ ഇറിഗേഷൻ വകുപ്പ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ലൂയിസിന് ചീഫ് എൻജിനിയറിൽ നിന്ന് സാങ്കേതിക അനുമതി ലഭിച്ചതായി കെ. ബാബു എം.എൽ.എ. അറിയിച്ചു. കൂടാതെ, നഗരസഭയുടെ 15, 16, 17, 18, 19 ഡിവിഷനുകളിൽ ഉൾപ്പെടുന്ന ഇടക്കൊച്ചി, പള്ളുരുത്തി, പെരുമ്പടപ്പ് പ്രദേശങ്ങളിൽ കായലോരത്ത് സുരക്ഷാ ഭിത്തിയും നിർമ്മിക്കും. ഈ രണ്ടു ജോലികൾക്കുമായി 3.34 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
നിർമ്മാണത്തിൽ വെല്ലുവിളികളും
പെരുമ്പടപ്പ് പാലത്തിനോടു ചേർന്ന് സൈഡ് സുരക്ഷാ ഭിത്തി നിർമ്മാണത്തിന് 32.9 ലക്ഷം രൂപയുടെ ടെൻഡർ ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ ക്ഷണിച്ചിട്ടുണ്ട്. ജോലികൾക്ക് മുമ്പ് മൂന്ന് തവണ ടെൻഡർ ചെയ്തിട്ടും കരാറുകാർ ആരും ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യമുണ്ടായിരുന്നു. ഇതേത്തുടർന്നാണ്, ഈ ജോലി മൂന്നായി വിഭജിച്ച് ടെൻഡർ ചെയ്യാനുള്ള എം.എൽ.എ.യുടെ നിർദ്ദേശം ഇറിഗേഷൻ ചീഫ് എൻജിനിയർ അംഗീകരിച്ചത്. തുടർന്ന് സർക്കാരിൽ നിന്ന് ഭരണാനുമതിയും ലഭിച്ചിരുന്നു. എത്രയും വേഗത്തിൽ ടെൻഡർ നടപടി പൂർത്തിയാക്കി ജോലികൾ ആരംഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |