പത്തനംതിട്ട : വനാതിർത്തികളിൽ സോളാർവേലി സ്ഥാപിക്കുന്നതിനൊപ്പം പരിപാലനവും ഉറപ്പാക്കണമെന്ന് കെ.യു ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് നിർദ്ദേശം നൽകുന്നതിനും പുരോഗതി വിലയിരുത്താനുമായി ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനഭൂമി കൈമാറ്റത്തിന് സമയബന്ധിതമായി നിരാക്ഷേപപത്രം നൽകണം. ജനവാസ മേഖലയിൽ എത്തുന്ന വന്യജീവികളെ തിരിച്ചയക്കുന്ന പ്രവർത്തനം കൂടുതൽ ഊർജിതമാക്കണം.
മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് ശാസ്ത്രീയ പദ്ധതി തയാറാക്കണമെന്ന് റാന്നി എം.എൽ.എ പ്രമോദ് നാരായൺ അഭിപ്രായപ്പെട്ടു. യോഗത്തിൽ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ അദ്ധ്യക്ഷനായി.
വനത്തോട് ചേർന്നുള്ള സ്വകാര്യഭൂമി കാടുപിടിക്കുന്നത് വൃത്തിയാക്കാൻ ഉടമസ്ഥന് കർശന നിർദ്ദേശം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് പ്രായോഗികവും ഫലപ്രദമായ മാർഗങ്ങൾ ഏകോപനത്തോടെ സ്വീകരിക്കാൻ വകുപ്പ് മേധാവികൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
റാന്നി ഡി.എഫ്.ഒ എൻ. രാജേഷ്, കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി, ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, ഡി.എം.ഒ ഡോ.എൽ. അനിത കുമാരി, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |