പത്തനതിട്ട: യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സംഘർഷം. വൈദ്യ പരിശോധനയ്ക്ക് എത്തിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെയും കൊണ്ടുവന്ന പൊലീസ് വാഹനം തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ മന്ത്രി വീണാജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ കപ്പൽ പ്രദക്ഷിണത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിതിൻ.ജി.നൈനാൻ, ആറൻമുള മണ്ഡലം പ്രസിഡന്റ് ഏദൻ ജോർജ് എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീടുകളിൽ നിന്ന് പത്തനംതിട്ട പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ചത്തെ പ്രതിഷേധത്തിൽ പങ്കെടുത്തവരെ വാനിൽ കയറ്റുന്നതിനിടെ പൊലീസ് വാനിന്റെ ചില്ല് പൊട്ടിയതുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ച കുറ്റമാണ് ഇവരുടെ പേരിൽ ചുമത്തിയിട്ടുള്ളത്. അറസ്റ്റിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതിഷേധം ഉയർന്നത്. കൈ വിലങ്ങ് അണിക്കാൻ ശ്രമിച്ചതും പ്രതിഷേധത്തിന് കാരണമായി. ആശുപത്രിയിലെ വൈദ്യ പരിശോധന കഴിഞ്ഞ് ഇറങ്ങുമ്പോൾ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദൂചൂഡന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം . പൊലിസ് വാനിന് മുന്നിൽ തറയിൽ കിടന്നാണ് പ്രവത്തകർ പ്രതിഷേധിച്ചത്. ഒരു മണിക്കൂറോളം സ്ഥലത്ത് സംഘർഷാവസ്ഥയായിരുന്നു. പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും നടന്നു. വീട്ടിൽ കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് വലിച്ചിഴച്ചാണ് ജീപ്പിൽ കയറ്റിയതെന്നും നേതാക്കൾ ആരോപിച്ചു. ജില്ലയിൽ പല സ്ഥലത്തും പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വ്യാപകമായി കേസെടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |