കോഴിക്കോട്: ഭയപ്പാടോടെയാണ് ഓരോ മഴക്കാലവും ഗോതീശ്വരം നിവാസികൾ തള്ളി നീക്കുന്നത്. നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമായ കടൽ ഭിത്തി നിർമാണം ഇന്നും കടലാസുകളിൽ തന്നെയാണ്. ഇതോടെ കാലവർഷം കനക്കുമ്പോൾ കടലാക്രമണത്തിൽ നിന്ന് രക്ഷനേടാൻ കിടപ്പാടം വിട്ട് മാറി നിൽക്കാനേ ഇവർക്ക് വഴിയൂള്ളു. ഗോതീശ്വരം ചിൽഡ്രൻസ് പാർക്ക് മുതൽ ക്ഷേത്രം വരെ നീളുന്ന 535 മീറ്റർ ഭാഗത്ത് പേരിനു പോലും കടൽഭിത്തി ഇല്ലാത്തതാണ് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കുന്നത്. കാലവർഷം ശക്തമാകുന്നതോടെ വീടുകളിലേയ്ക്ക് പോലും കൂറ്റൻ തിരമാലകൾ അടിച്ചുകയറുന്ന സ്ഥിതിയാണ്. കഴിഞ്ഞ മഴകാലങ്ങളിലെല്ലാം കടൽ ക്ഷോഭത്തിൽ തകർന്ന കടൽഭിത്തികളുടെ പുനർനിർമ്മാണവും അനിശ്ചിതത്വത്തിലാണ്. 50 ഓളം കുടുംബങ്ങളാണ് ഇവിടെ തീരത്തോട് ചേർന്ന് താമസിക്കുന്നത്. മഴ കനത്താൽ വീട് വിട്ടിറങ്ങുകയല്ലാതെ മാർഗമില്ലെന്നാണ് ഇവർ പറയുന്നത്. 20 വർഷം മുൻപ് ഗോതീശ്വരം തീരത്ത് കടൽ ഭിത്തി നിർമിച്ചപ്പോൾ 600 മീറ്ററോളം ഭാഗത്ത് നിർമാണം നടന്നില്ല. പിന്നീട് ഗാബിയോൺ ബോക്‌സ് മാതൃകയിൽ ( ചെറിയ കല്ലുകൾ കൊണ്ടുള്ള ഭിത്തി ) ചില ഭാഗങ്ങളിൽ കടൽ ഭിത്തി നിർമിച്ചെങ്കിലും ശക്തമായ കടലാക്രമണത്തിൽ ഇവയും തകർന്നു.
ഇവിടെ കടൽ ഭിത്തി നിർമിക്കാനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തികൾ നടക്കാത്തതാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്. പുതിയങ്ങാടി, കോയറോഡ് ബീച്ച്, അത്താണിക്കൽ ബീച്ച്, ഭട്ട് റോഡ്, ശാന്തി നഗർകോളനി എന്നിവിടങ്ങളിലും കടൽഭിത്തി നിർമ്മാണം പൂർണമല്ല. കഴിഞ്ഞ വർഷത്തെ മഴക്കാലത്ത് തകർന്ന കടൽഭിത്തിയുടെ പുനർനിർമ്മാണവും പൂർത്തിയാകാനുണ്ട്.
കടലാക്രമണത്തിൽ റോഡും തകർന്നു
കഴിഞ്ഞ വർഷമുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ ഗോതീശ്വരം ക്ഷേത്രത്തിലേക്കുള്ള റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങളുൾപ്പെടെ കടന്ന് പോകാൻ ബുദ്ധിമുട്ടുന്നുണ്ട്. രാത്രിസമയത്തുൾപ്പെടെ വലിയ പ്രയാസമാണ് നേരിടുന്നതെന്ന് പ്രദേശവാസികളും പറഞ്ഞു.
'' 50 ലധികം കുടുംബങ്ങളാണ് ഇവിടെ തീരത്തോട് ചേർന്ന് താമസിക്കുന്നത്. കടലാക്രമണം രൂക്ഷമാകുമ്പോൾ വീട്ടിൽ നിന്ന് മാറി നിൽക്കാറാണ് പതിവ്. എത്രയും പെട്ടെന്ന് കടൽ ഭിത്തി നിർമാണം പൂർത്തിയാക്കണം. ഇതിനായി ബന്ധപ്പെട്ട അധികൃതർക്കെല്ലാം പരാതി നൽകിയിട്ടുണ്ട്.
- ഷിനു പിണ്ണാണത്ത് , പ്രദേശവാസി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |