സ്വർണപ്രേമികളുടെ നെഞ്ചിൽ കൊടുങ്കാറ്റ് വീശിക്കൊണ്ടാണ് ഓരോ ദിവസവും സ്വർണനിരക്ക് കുതിച്ചുയരുന്നത്. കേരളത്തിൽ ഇന്നും സ്വർണം ഉയരങ്ങൾ കീഴടക്കി. ഒറ്റയടിക്ക് ഇന്ന് കൂടിയത് 1200 രൂപയാണ്. ഇതോടെ ഒരു പവന്റെ വില 76,960 രൂപയിലേക്ക് എത്തി. 77,000 രൂപ തൊടാൻ ഇനി 40 രൂപയുടെ അകലം മാത്രം. എന്നാൽ സ്വർണവില വർദ്ധിക്കുമ്പോൾ നിരാശയും ആശങ്കയുമുണ്ടാകുന്നത് സ്വർണപ്രേമികൾക്ക് മാത്രമല്ല, വ്യാപാരികൾക്ക് കൂടിയാണ്. ഓരോ ദിവസവും സ്വർണവില കുതിച്ചുയരുമ്പോൾ വ്യാപാരികളുടെ നെഞ്ചിൽ തീയാണെന്ന് പറയുകയാണ് ഓൾ കേരള ഗോൾഡ് ആൻഡ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്തറ. വില വർദ്ധനവ് കാരണം കേരളത്തിലെ സ്വർണ വ്യാപാര മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം കേരള കൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.
ഒരു ഗ്രാം പോലും വിൽക്കാത്ത കടകൾ
ഒരു ഗ്രാം സ്വർണത്തിന് പതിനായിരം രൂപയടുപ്പിച്ച് നൽകണമെന്ന് പറയുമ്പോൾ, സാധാരണക്കാരന് താങ്ങുന്ന ഒരു വിലയല്ലിത്. വ്യാപാരികളെ സംബന്ധിച്ച് തിരിച്ചടിയുണ്ടാക്കുന്ന ട്രെൻഡാണിത്. നമുക്ക് ആർക്കും നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു പ്രതിഭാസമല്ല. അന്താരാഷ്ട്ര വിലയനുസരിച്ചാണ് നമുക്ക് വിൽക്കാൻ സാധിക്കുക. കേരളവും ഇന്ത്യയും വിചാരിച്ചാൽ ഇതിനെ നിയന്ത്രിക്കാൻ സാധിക്കില്ല. ഞങ്ങളൊക്കെ ഇപ്പോൾ കുഴയുന്ന അവസ്ഥയാണ്. ഒരു ഗ്രാം പോലും വിൽക്കാൻ സാധിക്കാത്ത ചെറുകടകളുണ്ട് ഇന്ന് കേരളത്തിൽ. വലിയ കടകൾക്കും നേട്ടമില്ല. എല്ലാ സ്വർണ വ്യാപാരികളെയും വില വർദ്ദനവ് ഒരുപോലെ ബാധിക്കുന്നുണ്ട്. പണ്ട് കിലോക്കണക്കിന് വിൽപന നടത്തിയവർ ഗ്രാം കണക്കിന് കുറഞ്ഞു.
വില 6000 രൂപയിൽ നിൽക്കണം
സ്വർണവില ക്രമാതീതമായി വർദ്ധിക്കുന്നെന്ന് കേൾക്കുമ്പോൾ പൊതുജനങ്ങളുടെ കണ്ണിൽ സ്വർണക്കടക്കാർ രക്ഷപ്പെട്ടെന്നും ലാഭം കൂടിയെന്നുമാണ് കരുതുന്നത്. ക്രയവിക്രയം നടന്നില്ലെങ്കിൽ കച്ചവടക്കാരന് ലാഭം വരുമോ? ഒരു ഗ്രാം സ്വർണത്തിന്റെ വില 10,000 രൂപയായി, കച്ചവടം നടന്നില്ലെങ്കിൽ ഗുണം ആർക്കാണ് ലഭിക്കുക. ഇപ്പോൾ കയ്യിലുള്ള സ്വർണം മുഴുവൻ വിറ്റ് ആ പണം ബാങ്കിലിട്ട് അതിന്റെ പലിശ കൊണ്ട് ജീവിക്കണം, അങ്ങനെയാണെങ്കിൽ കൊള്ളാം. സ്വർണവില ഗ്രാമിന് 6000 രൂപയിൽ കൂടുതലൊന്നും വരാൻ പാടില്ല. ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിന് പത്ത് പവനെങ്കിലും കൊടുക്കണം. കുറച്ച് സാമ്പത്തികമുള്ളവൻ അമ്പതോ നൂറോ പവനും കൊടുക്കണം. അതൊക്കെ ഇപ്പോൾ നടക്കുമോ?
100 വാങ്ങുന്നവർ അമ്പതായി കുറച്ചു
സ്വർണവില വർദ്ധനവ് കാരണം 100 പവൻ വാങ്ങാനിരുന്ന കുടുംബം 50 പവനിലേക്ക് ചുരുക്കി. 50 പവൻ എടുക്കുന്നയാൾ 20 പവനായി ചുരുക്കി. സ്വർണ മേഖല വലിയൊരു പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. ഈ പ്രതിസന്ധി സമയത്ത് ഞങ്ങളുടെ അംഗങ്ങളെ വിളിച്ച് ആശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ല. മറ്റ് മേഖലയിലേക്ക് ചുവടുമാറ്റാൻ പറയാമെന്നുവച്ചാൽ, ഇതിനേക്കാൾ മോശമാണ് മറ്റ് മേഖല.
30 ശതമാനം കടകളും അടച്ചുപൂട്ടി
സംസ്ഥാനത്തെ ഓരോ ജില്ലയിലെയും 30 ശതമാനം സ്വർണക്കടകളും അടച്ചുപൂട്ടി. ഉദ്ഘാടനം വരുമ്പോഴാണ് എല്ലാവരും അറിയുന്നത്. എന്നാൽ അടുച്ചുപൂട്ടുമ്പോൾ ആരും അറിയുന്നില്ല. ഓരോ ജില്ലയിലെയും അംഗങ്ങളുടെ പട്ടിക പരിശോധിക്കുമ്പോൾ പഴയ ആൾക്കാരൊന്നും ഇപ്പോഴില്ല. ഇനിയും ഒരുപാട് കടകൾ അടച്ചുപൂട്ടിപ്പോകും. സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു പിന്തുണയും ലഭിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |