കോന്നി: പയ്യനാമൺ ചെങ്കളം ഗ്രാനൈറ്റിൽ പാറപൊട്ടിച്ച ശേഷം കല്ലുകൾ ഇളക്കിമാറ്റുന്നതിനിടെ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണ കല്ലിനും മണ്ണിനുമടിയിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ഇന്ന് തുടരും.
ഒഡീഷ സ്വദേശി മഹാദേവ്( 51 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബീഹാർ സ്വദേശി അജയ് റോയി( 38 ) ആണ് കുടുങ്ങിക്കിടക്കുന്നത്. പയ്യനാമൺ അടുകാട് കാർമലശേരി ഭാഗത്തുള്ള പാറമടയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അപകടം. പാറക്കെട്ടുകളുടെ മദ്ധ്യഭാഗത്ത് ഹിറ്റാച്ചിയിലായിരുന്നു ഒാപ്പറേറ്ററായ മഹാദേവും സഹായി അജയ് റോയിയും . കല്ലുകൾ ഇളക്കിമാറ്റുന്നതിനിടെ 40 അടി മുകളിൽ നിന്നാണ് ഹിറ്റാച്ചിയുടെ മുകളിലേക്ക് വലിയ കല്ലുകളും മണ്ണും ഇളകിവീണത്. ഇരുവരും ഇതിനിടിയിൽപ്പെട്ടു. പൊലീസിനും ഫയർഫോഴ്സിനും പാറയിടിഞ്ഞ സ്ഥലത്തേക്ക് എത്താൻ രണ്ടര മണിക്കൂർ വേണ്ടിവന്നു. ക്രെയിനുമായി നടത്തിയ തെരച്ചിലിൽ വൈകിട്ട് 6.30നാണ് മഹാദേവിന്റെ മൃതദേഹം കിട്ടിയത്. ദുരന്തനിവാരണ സേന എത്തിയെങ്കിലും വീണ്ടും പാറകൾഇടിഞ്ഞുവീണതോടെ രാത്രിയിൽ തെരച്ചിൽ തുടരാനായില്ല. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വിനോദ് കുമാർ, ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി ,കോന്നി തഹസിൽദാർ സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജോ മോഡി, വി. ടി .അജോമോൻ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഒരു വർഷം മുമ്പും ഇവിടെ ഒരാൾ അപകടത്തിൽ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |