ന്യൂഡൽഹി: മാന്ദ്യത്തിലായ വാഹന വിപണിയെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെ വാഹനങ്ങളുടെ ജി.എസ്.ടി 28 ൽ നിന്ന് 18 ശതമാനമാക്കി കുറയ്ക്കാനൊരുങ്ങി കേന്ദ്രം. എന്നാൽ കേന്ദ്രത്തിന്റെ തീരുമാനത്തെ ശക്തമായി എതിർത്ത് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രംഗത്തെത്തി.
ജി.എസ്.ടിയിൽ പത്ത് ശതമാനം കുറവ് വരുന്നതോടെ രാജ്യത്ത് ഈ വർഷം മാത്രം 50,000 കോടി രൂപയുടെ നികുതി നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് തങ്ങളുടെ കണക്കിൽപ്പെടുത്തരുതെന്നാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. സെപ്തംബർ 20 ന് ഗോവയിൽ ചേരുന്ന ജി.എസ്.ടി കൗൺസിലിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. കേന്ദ്രത്തിന്റെ തീരുമാനത്തെ യോഗത്തിൽ എതിർക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
വാഹനങ്ങളുടെ കാലാവധി നീട്ടി ഉത്തരവിറക്കിയതും, പഴയ വാഹനം പൊളിക്കുന്നതിനുള്ള നടപടി ലളിതമാക്കിയതും, പുതിയ വാഹന രജിസ്‌ട്രേഷന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതുമൊക്കെ മാന്ദ്യത്തിലായ വാഹന വിപണിയെ ഉണർത്താൻ വേണ്ടിയായിരുന്നു. എന്നാൽ ഇതൊന്നും ഫലവത്തായില്ല. ഇതിന് ശേഷമാണ് ജി.എസ്.ടി കുറയ്ക്കുക എന്ന ആശയത്തിലേക്ക് ധനമന്ത്രാലയം എത്തിയത്. ഇതിനെപ്പറ്റി പഠിക്കാൻ ജി.എസ്.ടി ഫിറ്റ്മെന്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇവരാണ് 10 ശതമാനം നികുതി കുറച്ചാൽ 50,000 കോടിയുടെ നികുതി നഷ്ടമുണ്ടാകുമെന്ന റിപ്പോർട്ട് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |