കോലഞ്ചേരി: മൊബൈൽ ബാങ്കിംഗിന്റെ യുഗത്തിൽ സാമ്പത്തിക ഇടപാടുകൾ എളുപ്പമാണെങ്കിലും ചെറിയൊരു പിഴവ് പോലും വലിയ സാമ്പത്തിക നഷ്ടങ്ങൾക്ക് വഴിവച്ചേക്കാം. ബാങ്കുകളും മൊബൈൽ നിർമ്മാതാക്കളും ഉൾപ്പെടെ പലരും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും, ഓൺലൈൻ പണം തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണ്. ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ പൊതുജനങ്ങൾ ചില കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
കെ.വൈ.സി. തട്ടിപ്പുകൾ
ബാങ്കുകൾ രണ്ട് വർഷം കൂടുമ്പോൾ ഉപഭോക്താക്കളോട് കെ.വൈ.സി. വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. ഇത് തട്ടിപ്പുകാർക്ക് അവസരം ഒരുക്കുന്നു. കെ.വൈ.സി. അപ്‌ഡേറ്റ് ചെയ്യാനോ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് റദ്ദാക്കുമെന്നോ കാണിച്ച് സന്ദേശങ്ങൾ ലഭിച്ചാൽ സൂക്ഷിക്കുക. 'കെ.വൈ.സി. അപ്‌ഡേറ്റ് ചെയ്തതുകൊണ്ട് 2000 രൂപ കാഷ്ബാക്ക് ലഭിച്ചിട്ടുണ്ട്, താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുക ലഭിക്കും' എന്ന തരത്തിലുള്ള സന്ദേശങ്ങളും തട്ടിപ്പാണ്. കെ.വൈ.സി. അപ്‌ഡേറ്റ് ചെയ്യാൻ ബാങ്കുകളിൽ നേരിട്ടു പോകാം. അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ മാത്രം ഉപയോഗിക്കുക.
ഐ.ടി റീഫണ്ട് സഹായം
അധികമായി സാമ്പത്തിക ഇടപാട് നടത്തുന്ന (ആദായനികുതി അടയ്ക്കുന്ന) ആളുകളെ ലക്ഷ്യമിട്ടാണ് ഐ.ടി റീഫണ്ട് ചെയ്യാൻ സഹായിക്കാമെന്ന വ്യാജേനയുള്ള സന്ദേശങ്ങൾ എത്തുന്നത്. ഇത്തരം സന്ദേശങ്ങൾ അവഗണിക്കുകയും, എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്യുക.
ബമ്പർ സമ്മാനം, ലോട്ടറി തട്ടിപ്പുകൾ:
'നിങ്ങൾക്ക് ആകർഷകമായ സമ്മാനം ലഭിച്ചിട്ടുണ്ട്,' 'അഞ്ചു ലക്ഷം മുതൽ മുകളിലേക്ക് സമ്മാനത്തുക ലഭിക്കും' എന്നിങ്ങനെയുള്ള സന്ദേശങ്ങൾ ലഭിക്കാത്തവർ വിരളമായിരിക്കും. ഈ സന്ദേശങ്ങളിൽ നൽകിയിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ സമ്മാനം ലഭിക്കുമെന്നാണ് വാഗ്ദാനം. എന്നാൽ, ഒരു ബാങ്കും രാജ്യത്തെ ഒരു പൗരനും സൗജന്യമായി പണം നൽകില്ലെന്ന് ഓർക്കുക.
കെ.എസ്.ഇ.ബി. ബിൽ തട്ടിപ്പ്:
'കറന്റ് ബിൽ അടച്ചിട്ടില്ല, കണക്ഷൻ ഇന്ന് രാത്രി കട്ട് ചെയ്യും,' 'ലിങ്കിൽ ക്ലിക്ക് ചെയ്താൽ പുനസ്ഥാപിക്കും' എന്ന തരത്തിലുള്ള സന്ദേശങ്ങളും വ്യാപകമാണ്. എന്നാൽ, ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ മൊബൈലിലെ മുഴുവൻ വിവരങ്ങളും ഹാക്ക് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട്.
സോഷ്യൽ ഓഡിറ്റിംഗ് തട്ടിപ്പ്:
ഏറ്റവും പുതിയ തട്ടിപ്പ് പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള സോഷ്യൽ ഓഡിറ്റിംഗിന്റെ പേരിലാണ്. ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകി തുടങ്ങുന്ന ഓഡിറ്റിംഗ്, വലിയ തുകയുടെ പ്രതിഫല വാഗ്ദാനത്തിലേക്കാണ് നയിക്കുന്നത്. തുക ലഭിക്കാൻ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാങ്ക് വിവരങ്ങൾ നൽകാനാണ് നിർദ്ദേശിക്കുന്നത്. ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുന്നത് ഉറപ്പാണ്. അടുത്തയിടെ പോസ്റ്റ് ഓഫീസ്, ഐ.ഒ.സി. എന്നിവയെ ചുറ്റിപ്പറ്റി ഇത്തരം തട്ടിപ്പുകൾ വ്യാപകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |