കൊച്ചി: ട്രേഡ് യൂണിയനുകളും കർഷകരും കർഷക തൊഴിലാളികളും ഇന്ന് അർദ്ധരാത്രിവരെ നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിന്റെ ഭാഗമായി ജില്ലയിലെ വിവിധ വിഭാഗം തൊഴിലാളികൾ രാവിലെ 9 മണിക്ക് മണ്ഡലം, പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രകടനങ്ങളും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലും പ്രധാന കവലകളിലും തൊഴിലാളി കൂട്ടായ്മകളും സംഘടിപ്പിക്കും.
17 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുമാണ് രാജ്യത്തെ പ്രധാന ട്രേഡ് യൂണിയനുകൾ ദേശവ്യാപകമായ പണിമുടക്ക് നടത്തുന്നത്.
സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ
തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകളും ഉപേക്ഷിക്കുക
എല്ലാ അസംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്‌കീം വർക്കർമാർക്കും 26,000 രൂപ മിനിമം വേതനം നിശ്ചയിക്കുക
ജില്ലയിലെ സമരകേന്ദ്രങ്ങൾ
എറണാകുളത്ത് ബോട്ട് ജെട്ടി, തോപ്പുംപടി, കൊച്ചിൻ പോർട്ട്, പള്ളുരുത്തി വെളി, കണ്ണമാലി പോസ്റ്റോഫീസ്, മാടവന ജംഗ്ഷൻ, കുമ്പളങ്ങി നോർത്ത്, അയ്യമ്പിള്ളി പോസ്റ്റോഫീസ്, ഞാറയ്ക്കൽ പോസ്റ്റാഫീസ്, പറവൂർ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം, കളമശേരി ബി.എസ്.എൻ.എൽ ഓഫീസ്, ഏലൂർ എഫ്.എ.സി.ടി, ആലുവ റെയിൽവേ സ്റ്റേഷൻ, അത്താണി ജംഗ്ഷൻ, അങ്കമാലി ടൗൺ എസ്.ബി.ഐക്ക് മുന്നിൽ, പെരുമ്പാവൂർ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ, നേര്യമംഗലം പോസ്റ്റോഫീസ്, പൈങ്ങോട്ടൂർ പോസ്റ്റോഫീസ്, പോത്താനിക്കാട് പോസ്റ്റോഫീസ്, അടിവാട് പോസ്റ്റോഫീസ്, വാരപ്പെട്ടി പോസ്റ്റ് ഓഫീസ്, നെല്ലിമറ്റം പോസ്റ്റ് ഓഫീസ് മുന്നിൽ, കോതമംഗലം ടൗൺ, ചേലാട് ടൗൺ, മൂവാറ്റുപുഴ ഹെഡ്‌പോസ്റ്റാഫീസ് തുടങ്ങിയ ഇടങ്ങളാണ് പ്രധാന സമരകേന്ദ്രങ്ങൾ.
ബസ് പണിമുടക്ക് രണ്ടാം ദിവസവും
ഇന്നലെ സ്വകാര്യ ബസ് ഉടമകൾ നടത്തിയ സൂചനാ പണിമുടക്കിന് പിന്നാലെ ഇന്നത്തെ ദേശീയ പണിമുടക്കുകൂടി ആയപ്പോൾ സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമായി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആഹ്വാനം ചെയ്ത പണിമുടക്കിൽ ജില്ലയിലെ സ്വകാര്യ ബസ് സർവീസ് പൂർണ്ണമായും സ്തംഭിച്ചു. 2000ൽ അധികം സ്വകാര്യ ബസുകളാണ് ജില്ലയിൽ സർവീസ് നടത്തുന്നത്. നഗരത്തിൽ കെ.എസ്.ആർ.ടി.സിയും മെട്രോയും പതിവുപോലെ സർവീസ് നടത്തിയതുകൊണ്ട് സ്വകാര്യബസ് സമരം ജനങ്ങളെ കാര്യമായി ബാധിച്ചില്ല. എന്നാൽ, നഗരപ്രാന്തത്തിലെ ഉൾപ്രദേശങ്ങളിൽ നിന്നും വൈപ്പിൻ മേഖലയിൽ നിന്നും എറണാകുളത്തെ സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന സാധാരണക്കാരെ ബസ് സമരം സാരമായി ബാധിച്ചു. ഇന്നത്തെ പൊതുപണിമുടക്കുകൂടി ആകുമ്പോൾ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് തുടർച്ചയായ രണ്ടുദിവസത്തെ വരുമാനമാണ് നഷ്ടമാകുന്നത്. കിഴക്കൻ മേഖലയിലും സ്വകാര്യ ബസ് സമരം സാരമായി ബാധിച്ചു.
ആവശ്യങ്ങളിൽ അനുകൂലസമീപനം ഉണ്ടായില്ലെങ്കിൽ 22 മുതൽ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കും
കെ.എം. സിറാജ്
ജില്ലാ സെക്രട്ടറി
പി.ബി.ഒ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |