തിരുവല്ല : സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന എൻ.ബി.എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന നാഷണൽ ബുക്ക് സ്റ്റാളിന്റെ ജില്ലയിലെ പ്രവർത്തനം നിലച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് എതിർവശത്തെ റോഡരുകിലും പിന്നീട് കുരിശുകവലയിലെ ടവറിലും വർഷങ്ങളായി പ്രവർത്തിച്ചിരുന്ന എൻ.ബി.എസിന്റെ ജില്ലയിലെ ഏക പുസ്തകശാല ഏതാനും ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്. സ്ഥാപനത്തിന്റെ ബോർഡും നീക്കംചെയ്തു. പുസ്തകങ്ങളുടെ വിൽപ്പന കുറവാണെന്ന കാരണത്താലാണ് അടച്ചുപൂട്ടിയത്. 2019ൽ തുടങ്ങിയ ഈ സ്ഥാപനത്തിൽ ഒടുവിൽ കരാർ അടിസ്ഥാനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരന് ജോലിയും നഷ്ടമായി.
കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലെ ബുക്ക് മാർക്കിന്റെ ജില്ലയിലെ പുസ്തക വിൽപ്പനശാലയുടെ പ്രവർത്തനവും കഴിഞ്ഞവർഷം ജനുവരിയിൽ അവസാനിപ്പിച്ചിരുന്നു. സർക്കാർ സഹായത്തോടെ വായനാമൂല്യമുള്ള നല്ല പുസ്തകങ്ങൾ വലിയ വിലക്കുറവിൽ വായനക്കാർക്ക് ലഭിച്ചിരുന്ന രണ്ട് സ്ഥാപനങ്ങളുടെ ജില്ലയിലെ പ്രവർത്തനവും ഇതോടെ അവസാനിച്ചിരിക്കുകയാണ്. ഗ്രാമീണ മേഖലയിൽ ഉൾപ്പെടെയുള്ള വായനശാലകൾക്ക് പുസ്തകങ്ങൾ വാങ്ങിക്കുമ്പോൾ മറ്റു പുസ്‌തക വിൽപ്പനശാലങ്ങളെ അപേക്ഷിച്ച് നല്ല ഡിസ്‌കൗണ്ട് ഇവിടെനിന്ന് ലഭിച്ചിരുന്നു. പഞ്ചായത്തുകൾക്കും മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾക്കുമെല്ലാം ഇവിടെ നിന്ന് പുസ്തകങ്ങൾ വാങ്ങുമ്പോൾ ക്വട്ടേഷൻ ആവശ്യമില്ലാത്തതും ഏറെ സഹായകമായിരുന്നു. സാധാരണ വായനക്കാർക്കും എഴുത്തുകാർക്കുമെല്ലാം ബുക്ക് മാർക്ക് അടച്ചുപൂട്ടിയത് വലിയൊരു നഷ്ടമാണ്. വിൽപ്പന കുറഞ്ഞെന്ന കാരണത്താൽ സർക്കാർ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമ്പോഴും സ്വകാര്യമേഖലയിലെ പുസ്തകശാലകൾ വിൽപ്പനയിൽ റെക്കാഡിട്ട് കുതിക്കുകയാണ്.
സാഹിത്യരംഗത്തെ നഷ്ടം
എം.ടി.യുടെ രണ്ടാമൂഴം ഉൾപ്പെടെയുള്ള ഒട്ടേറെ നോവലുകൾ ആദ്യം പ്രസിദ്ധീകരിച്ചത് എൻ.ബി.എസായിരുന്നു. തകഴി, പൊൻകുന്നം വർക്കി തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെ കൃതികളും പ്രസിദ്ധീകരിച്ച് മുന്നേറ്റം കാഴ്ചവെച്ച എൻ.ബി.എസ് പിന്നീട് പിന്നാക്കം പോയി. സർക്കാർ സ്ഥാപനങ്ങൾ പുറത്തിറക്കുന്ന ഗ്രന്ഥങ്ങളോടൊപ്പം വേണ്ടത്ര വിതരണ സൗകര്യങ്ങളില്ലാതെ വിഷമിക്കുന്ന ചെറുകിട പ്രസാധകരുടെയും വ്യക്തികളുടെയും നല്ല ഗ്രന്ഥങ്ങളും ഒരു കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം വിതരണത്തിനായി ബുക്ക് മാർക്കും എൻ.ബി.എസും ഏറ്റെടുത്തിരുന്നു. എൻ.ബി.എസും ബുക്ക് മാർക്കും വിൽപ്പനകന്ദ്രം അടച്ചുപൂട്ടിയതോടെ ഇക്കാര്യങ്ങളിലെല്ലാം തടസങ്ങൾ നേരിടുകയാണ്.
പുസ്തകങ്ങളുടെ വിൽപ്പന കുറവെന്ന് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |