തൃശൂർ: യൂറോപ്പിൽ നിന്നടക്കം കൂടുതൽ മൃഗങ്ങളെ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിക്കാൻ നടപടികൾ വേഗത്തിലാക്കി. സെപ്തംബറോടെ വിദേശത്തു നിന്ന് 36 പക്ഷിമൃഗാദികൾ എത്തുമെന്നാണ് വിവരം. സിംഗപ്പൂർ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ അപൂർവയിനങ്ങളെ എത്തിക്കാനും ശ്രമമുണ്ട്.
വിദേശത്തുനിന്ന് തത്തകൾ അടക്കമുള്ള പക്ഷികളാണ് ആദ്യമെത്തുക. അനാക്കോണ്ട, വലിപ്പമേറെയുളള ആഫ്രിക്കൻ മാനുകളായ എലാൻഡ്, സീബ്ര, ജിറാഫ്, മക്കാവു എന്നിവയും പാർക്കിലെത്തും.
പാർക്കിൽ പെറ്റ് സൂ, വെർച്വൽ സൂ എന്നിവ സജ്ജമാക്കുന്നുണ്ട്. ഓമനമൃഗങ്ങളെ കാണാൻ സൗകര്യം ഒരുക്കുന്നതാണ് പെറ്റ് സൂ. അനിമേഷനിലൂടെ വെർച്വലായി പക്ഷിമൃഗാദികളെ കാണാനുള്ളതാണ് വെർച്വൽ സൂ.
മൃഗശാലകളിലെ മൃഗങ്ങൾ ഉടനെത്തും
തൃശൂർ, തിരുവനന്തപുരം മൃഗശാലകളിലെ 439 ജീവികളെ ഈ മാസം പകുതിയോടെ സുവോളജിക്കൽ പാർക്കിലെത്തിക്കും. ആഗസ്റ്റോടെ പൂർത്തീകരിക്കും. തിരുവനന്തപുരത്തുനിന്ന് രണ്ട് കാട്ടുപോത്തുകളെ പുത്തൂരിൽ എത്തിച്ചിരുന്നു. കർണാടകയിൽ നിന്ന് പുത്തൂരിലേക്ക് ആറ് ഇനങ്ങളിൽപ്പെട്ട 36 മൃഗങ്ങളെ സൗജന്യമായി കിട്ടുമെന്നാണ് പ്രതീക്ഷ.
ഈ മാസം തന്നെ ഇതുസംബന്ധിച്ച വിവരം ലഭിക്കും. ഇവയെ സെപ്തംബറോടെ കൊണ്ടുവരാനാണ് ലക്ഷ്യം.
കടുവ ക്വാറന്റൈനിൽ
കാളികാവിൽ നിന്ന് പിടിച്ച കടുവയെ 21 ദിവസത്തേക്ക് പാർക്കിലെ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. സന്ദർശകർക്ക് കർശന വിലക്കുണ്ട്. പാർക്കിൽ നിലവിൽ അഞ്ച് കടുവകളുണ്ട്. കാട്ടിൽ നിന്ന് പിടികൂടുന്ന കടുവകളെയും മറ്റ് വന്യമൃഗങ്ങളെയും പുത്തൂർ പാർക്കിലെത്തിച്ച് പിന്നീടാകും പ്രദർശനത്തിനായി പുറത്തിറക്കുക. ഒരു പുലിയും മാനുകളും കാട്ടുപോത്തുകളും പാർക്കിലുണ്ട്.
വിസ്തൃതി: 350 ഏക്കർ
നിർമ്മാണച്ചെലവ്: 300 കോടിയിലേറെ
പാർക്ക് തുറക്കുമ്പോൾ ജീവികൾ : 500 ലേറെ
ഇനങ്ങൾ: 100 ലേറെ
ഏഷ്യയിൽ വലിപ്പത്തിൽ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാലയുമായ പുത്തൂർ പാർക്കിലേക്ക് കൂടുതൽ വിദേശമൃഗങ്ങളും എത്തുന്നതോടെ പാർക്ക് കൂടുതൽ ശ്രദ്ധേയമാകും.
- ബി.എൻ. നാഗരാജ്, പാർക്ക് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |