പാലാ : നഗരസഭാ കൗൺസിൽ തീരുമാനപ്രകാരം നഗരപരിധിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകളും മറ്റ് ഭക്ഷണ വില്പന ശാലകളും പൂട്ടാനുള്ള നീക്കവുമായി ആരോഗ്യവിഭാഗം. മറ്റിടങ്ങളിൽ നിന്ന് ഭക്ഷണമുണ്ടാക്കി പാലായിലെ തെരുവോരങ്ങളിൽ വൃത്തിഹീനമായ സാഹചര്യത്തിലും മറ്റും വില്പന നടത്തിവരുന്നവരെയാണ് ആദ്യഘട്ടത്തിൽ പിടികൂടിയത്. മുന്നറിയിപ്പ് വകവയ്ക്കാതെ വീണ്ടും വില്പന തുടർന്നവരെ നഗരസഭാ ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി. ജോൺ, ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഒഴിപ്പിച്ചു. കിഴതടിയൂർ ബൈപാസിലുള്ള കട ഒഴിപ്പിക്കുന്നതിനിടെ തടസവാദവുമായി ചിലർ എത്തിയെങ്കിലും ഉദ്യോസ്ഥർ നടപടി തുടർന്നു. ഭക്ഷ്യശാലയിലെ വസ്തുക്കൾ ഉദ്യോഗസ്ഥർ കണ്ടുകെട്ടി മുനിസിപ്പൽ ഓഫീസിലേക്ക് കൊണ്ടുപോയി. പിഴ ഈടാക്കിയശേഷം ഇവ വിട്ടുനൽകും.
തടസവുമായി ഒരു വിഭാഗം
ഒഴിപ്പിക്കലിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച ചിലർ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്ററെ കണ്ടെങ്കിലും പ്രയോജനം ഉണ്ടായില്ല. നിയമപ്രകാരം മുറിയും, ലൈസൻസും എടുത്ത് കച്ചവടം നടത്താമെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചതായി ചെയർമാൻ പറഞ്ഞു.
ശക്തമായ നടപടി തുടരും
മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അനധികൃത ഭക്ഷണ വില്പന ശാലകൾക്കെതിരെ കർശന നടപടി തുടരുമെന്ന് മുനിസിപ്പൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. അനധികൃത ഭക്ഷണ വില്പനശാലകൾ, ലൈസൻസുള്ള ഹോട്ടലുകളിലെയും വില്പനയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |