പൊന്നാനി: പൊന്നാനി മത്സ്യഗ്രാമം പദ്ധതിയും ഫിഷര്‍മെന്‍ കോളനിയും എവിടെയുമെത്തിയില്ല. 2010ല്‍ നിര്‍മ്മാണം കഴിഞ്ഞ പൊന്നാനി ഫിഷര്‍മെന്‍ കോളനി ഇന്ന് പൊന്നാനിയുടെ പാതി നിലച്ച വിവിധ പദ്ധതികളില്‍ ഒന്നാണ്. 1.56 കോടി രൂപ മുതല്‍മുടക്കില്‍ തീരദേശത്തെ 120 കുടുംബങ്ങളെ കടലാക്രമണത്തില്‍ നിന്നും രക്ഷിക്കാനായി നടപ്പാക്കിയ പദ്ധതി ഇന്ന് കേവലം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ്. നിലവില്‍ ഇവിടത്തെ ഒട്ടുമിക്ക വീടുകളും ഇടിഞ്ഞു പൊളിഞ്ഞു നിലംപൊത്താറായി ചില വീടുകളിലെ കട്ടിളയും ജനലുമടക്കം കാണാനില്ല. തകര്‍ന്നു കിടക്കുന്ന 120 വീടുകള്‍ അടങ്ങിയ ഫിഷര്‍മെന്‍ കോളനിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ വീടില്ലാത്ത ഒത്തിരി പേര്‍ക്ക് ഉപകാരമാവും. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ കാലത്ത് അന്നത്തെ ഫിഷറീസ് മന്ത്രി മേഴ്സി കുട്ടിയമ്മ നേരിട്ട് നടത്തിയ സന്ദര്‍ശനത്തോടെയാണ് 120 വീടുകള്‍ അടങ്ങിയ ഫിഷര്‍മെന്‍ കോളനി താമസയോഗ്യമാക്കുമെന്ന് അറിയിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഫിഷര്‍മെന്‍ കോളനിയാണ് ആള്‍പാര്‍പ്പില്ലാതെ മഴയും വെയിലും മറ്റ് തകര്‍ന്നടിയുന്നത്. 120 വീടുകളില്‍ ഇന്ന് സ്ഥിരതാമസക്കാര്‍ തെരുവ് നായ്ക്കളും ആട്ടിന്‍ കൂട്ടങ്ങളും മാത്രമാണ്. അസൗകര്യങ്ങള്‍ മാത്രമുള്ള വീടുകളില്‍ താമസിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ വിസമ്മതിച്ചതോടെ ഫിഷര്‍മെന്‍ കോളനിയുടെ പതനവും ആരംഭിച്ചു. ഇതിനിടെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഫിഷര്‍മെന്‍ കോളനി പുനരുദ്ധീകരിക്കുമെന്ന് പ്രഖ്യാപിക്കുമെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. ഇവിടം കൂടി ഉള്‍പ്പെടുത്തി പൊന്നാനിയില്‍ മത്സ്യഗ്രാമം പദ്ധതി ആരംഭിക്കുമെന്ന് പറഞ്ഞു കേട്ടിരുന്നെങ്കിലും അതും പിന്നീട് എവിടെയും പറഞ്ഞു കേട്ടില്ല. പൊന്നാനിയില്‍ നിലവിലെ ഉപയോഗശൂന്യമായ ഫിഷര്‍മെന്‍ കോളനി കൂടെ ഉള്‍പ്പെടുത്തി 7.24 കോടി രൂപയുടെ മാതൃകാ മത്സ്യഗ്രാമം പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി മുന്‍പ് പൊന്നാനി എം.എല്‍.എ. പി.നന്ദകുമാര്‍ അറിയിച്ചിരുന്നു. 24.44 കോടിയുടെ മീന്‍പിടിത്ത തുറമുഖ വികസനത്തിന്റെ ഭാഗമായാണ് മത്സ്യഗ്രാമം പദ്ധതി നടപ്പാക്കുന്നതെന്നായിരുന്നു വാഗ്ദാനം. മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി ഫെസിലിറ്റി സെന്റര്‍, പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന വീടുകള്‍, മത്സ്യത്തീറ്റ നിര്‍മ്മാണശാല, മത്സ്യത്തൊഴിലാളി വനിതകളുടെയും കുട്ടികളുടെയും സമഗ്ര വികസനത്തിനായുള്ള കേന്ദ്രം, ലൈബ്രറി, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം, കോള്‍ഡ് സ്റ്റോറേജ് സൗകര്യം, സീഫുഡ് കഫ്തീരിയ, ഫിഷ് പ്രൊഡക്ട്സ് ഔട്ട്ലെറ്റ്, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഈ പ്രദേശത്ത് മത്സ്യ ഉത്പാദനം, ലഭ്യത എന്നിവ കൂട്ടുന്നതിനായി കൃത്രിമപാര് നിക്ഷേപം തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് വലിയ രീതിയില്‍ പ്രചാരണം നടത്തി അറിയിച്ചെങ്കിലും അതും എവിടെയും എത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |