ആലപ്പുഴ: ക്രമസമാധാനപാലനവും കേസ് അന്വേഷണവും പൊതുജനങ്ങളോടുള്ള പെരുമാറ്റവുമുൾപ്പെടെ മാതൃകാപരമായ പ്രവർത്തനത്തിലൂടെ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ ദേശീയ പുരസ്കാരത്തിന്റെ നിറവിലാണ് അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ. അർത്തുങ്കൽ പൊലീസ് സ്റ്റേഷനിൽ സ്റ്രേഷനിൽ ഇന്ന് രാവിലെ 11ന് നടക്കുന്ന അംഗീകാര സമർപ്പണ ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി റവാഡചന്ദ്രശേഖർ സംബന്ധിക്കും.ഇതോടെ ബി.ഐ.എസ് അംഗീകാരമുള്ള സംസ്ഥാനത്തെ ആദ്യ പൊലീസ് സ്‌റ്റേഷനായി അർത്തുങ്കൽ സ്റ്റേഷൻ മാറും.
ചടങ്ങിൽ എച്ച് .വെങ്കിടേഷ് , സൗത്ത് സോൺ ഐ.ജി. എസ്. ശ്യാംസുന്ദർ എറണാകുളം റേഞ്ച് ഡി. ഐ.ജി ഡോ.എസ്. സതീഷ് ബിനോ, ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ , ചേർത്തല എ.എസ്.പി.ഹരീഷ് ജയിൻ തുടങ്ങിയവർ പങ്കെടുക്കും. സ്റ്റേഷൻ ഓഫീസർ പി.ജി. മധു, എസ്.ഐ ഡി.സജീവ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം.
ക്രമസമാധാനപാലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലെ ഗുണമേന്മ, പരാതികൾ തീർപ്പാക്കുന്നതിലെ വേഗത, അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, ഹരിത പെരുമാറ്റച്ചട്ടം, ഫയലുകൾ സൂക്ഷിക്കുന്നതിലെ കൃത്യത, ഉദ്യോഗസ്ഥരുടെ മികച്ച പെരുമാറ്റം, ദൈനംദിന പ്രവർത്തനങ്ങളിൽ ആധുനിക സംവിധാനം പ്രയോജനപ്പെടുത്തൽ തുടങ്ങിയ ഘടകങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |