കൊച്ചി: കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ജീവനക്കാരുടെ ഫെഡറേഷനുകളുടെയും നേതൃത്വത്തിൽ നടന്ന 24 മണിക്കൂർ പൊതുപണിമുടക്ക് ജില്ലയിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു, ആവശ്യ സർവീസുകൾ ഒഴികെയുള്ള മറ്റ് വാഹനങ്ങൾ അധികം നിരത്തിലിറങ്ങാത്തതിനാൽ റോഡുകൾ വിജനമായി. ഇന്നലെ രാവിലെ 8 മണി മുതൽ ജില്ലയിലെ നൂറിലേറെ കേന്ദ്രങ്ങളിൽ പണിമുടക്കനുകൂലികൾ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. ജില്ലയിലെമ്പാടുമുള്ള ബാങ്കുകൾ രാവിലെ തുറന്നെങ്കിലും സമരക്കാർ ഇടപെട്ട് അടപ്പിച്ചു.
പ്രധാന ആവശ്യങ്ങൾ:
ലേബർ കോഡുകൾ പിൻവലിക്കുക.
വിലക്കയറ്റം തടയുക.
പൊതുമേഖലാ ഓഹരി വില്പന അവസാനിപ്പിക്കുക.
സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക.
മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9,000 രൂപയായും നിശ്ചയിക്കുക.
പ്രധാന സമരകേന്ദ്രങ്ങളിൽ പ്രതിഷേധം
പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിൽ പ്രകടനത്തിനുശേഷം ചേർന്ന പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു.
എറണാകുളത്ത് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.
കൊച്ചി തുറമുഖ ആസ്ഥാനത്ത് ജോയിന്റ് ട്രേഡ് യൂണിയൻ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്ക് സി.ഡി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ ദീപ.കെ. രാജനും കുണ്ടന്നൂർ ജംഗ്ഷനിൽ എം.സി. സുരേന്ദ്രനും ഉദയംപേരൂർ ഐ.ഒ.സിക്ക് മുന്നിൽ ടി.സി. ഷിബുവും അമ്പലമുകൾ കൊച്ചി റിഫൈനറിക്ക് മുന്നിൽ സി.കെ. മണിശങ്കറും കോലഞ്ചേരി ടൗണിൽ നടന്ന ധർണ സി.ബി. ദേവദർശനനും പിറവം പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ കെ.എൻ. ഗോപിയും കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിൽ അഡ്വ.കെ.എസ്. അരുൺ കുമാറും ഉദ്ഘാടനം ചെയ്തു.
ഗതാഗതം സ്തംഭിച്ചു
ഗതാഗത മന്ത്രി കെ.എസ്.ആർ.ടി.സി ബസുകൾ പണിമുടക്ക് ദിനത്തിൽ സാധാരണപോലെ സർവീസ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും, ജില്ലയിലെ സ്ഥിതി ക്ലേശകരമായിരുന്നു. പല ഡിപ്പോകളിലും പേരിനുമാത്രമാണ് ബസുകൾ സർവീസ് നടത്തിയത്. എറണാകുളം ഡിപ്പോയിൽ നിന്ന് ഒറ്റ ബസ് പോലും ഓടിക്കാൻ സമരാനുകൂലികൾ അനുവദിച്ചില്ല. പതിവിനു വിപരീതമായി ഇന്നലെ ഉച്ചവരെയുള്ള സമയത്ത് ബസ് സ്റ്റാൻഡിൽ എത്തിയ ആളുകളുടെ എണ്ണവും വളരെ കുറവായിരുന്നു. ദീർഘദൂര സർവീസുകളും നടന്നില്ല.
കൊച്ചി മെട്രോയിലും തിരക്ക് കുറവ്
പണിമുടക്ക് ദിനത്തിൽ മെട്രോയിൽ തിരക്കേറുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, കൊച്ചി മെട്രോയിലും ഇന്നലെ തിരക്ക് നന്നേ കുറവായിരുന്നു. അധിക സർവീസുകളും ഉണ്ടായില്ല. വാട്ടർമെട്രോയിലും തിരക്ക് കുറവായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
യു.ഡി.എഫ് അനുകൂല സംഘടനകളും സമരത്തിൽ
ദേശീയ പണിമുടക്കിനോടനുബന്ധിച്ച്, യു.ഡി.എഫ് അനുകൂല ട്രേഡ് യൂണിയൻ സംഘടനകളുടെ കൂട്ടായ്മയായ യു.ഡി.ടി.എഫിന്റെ നേതൃത്വത്തിൽ തൊഴിലാളി റാലിയും പ്രതിഷേധ സംഗമവും നടത്തി. കാക്കനാട് കളക്ടറേറ്റിന് സമീപം നടത്തിയ സമര സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |