തൃശൂർ: ഫ്രണ്ട് ബെഞ്ചില്ല. ബാക്ക് ബെഞ്ചുമില്ല. എല്ലാവരും മുൻനിരയിൽ. അർദ്ധവൃത്താകൃതിയിൽ വിദ്യാർത്ഥികളെ ഇരുത്തി പഠിപ്പിക്കുന്ന പുതുരീതി വൈറലാവുന്നു. പിൻ ബെഞ്ചിലിരുന്നുള്ള തരികിടകളും നടക്കില്ല. ഓരോരുത്തരിലും അദ്ധ്യാപകരുടെ കണ്ണെത്തും. കഴിഞ്ഞവർഷം പുറത്തിറങ്ങിയ 'സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന സിനിമയിലൂടെയാണ് ഈരീതി ചർച്ചയായത്. ക്ലാസ് മുറിയുടെ വലിപ്പം, കുട്ടികളുടെ എണ്ണം എന്നിവ പരിഗണിച്ച്, വിഷയത്തെക്കുറിച്ച് പഠിച്ചതിനുശേഷം തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് പറഞ്ഞു. വിപ്ലാവത്മകമായ ആശയമാണിതെന്ന് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. 'ബാക്ക് ബെഞ്ചേഴ്‌സ്" എന്നുള്ള അനാവശ്യ ഇകഴ്ത്തലുകൾ വിദ്യാർത്ഥികളുടെ ജീവിതത്തെയും പഠനനിലവാരത്തെയും ബാധിക്കുന്നത് തടയാൻ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
വടക്കാഞ്ചേരി ഈസ്റ്റ് മങ്ങാട് മോഡൽ
വടക്കാഞ്ചേരി ഈസ്റ്റ് മങ്ങാട് ആർ.സി.സി എൽ.പി സ്‌കൂൾ എല്ലാ ക്ലാസും ഈ രീതിയിലാക്കി. ഒന്നുമുതൽ അഞ്ചാം ക്ലാസ് വരെ ഏഴു ഡിവിഷനുണ്ട്. നാല്, അഞ്ച് ക്ലാസുകളിൽ രണ്ടു ഡിവിഷൻ വീതം. എൽ.കെ.ജി, യു.കെ.ജി ക്ലാസുമുണ്ട്. ഇരുപതിനും മുപ്പതിനും ഇടയിലാണ് ഓരാേ ക്ലാസിലുമുള്ള വിദ്യാർത്ഥികൾ. സംസ്ഥാനത്തെ മറ്റു ചില സ്‌കൂളുകളിലും ഇത് നടപ്പാക്കിയിട്ടുണ്ട്.
ഇങ്ങനെ ബെഞ്ചുകളിട്ടപ്പോൾ പഠിക്കാൻ എളുപ്പമായി. ടീച്ചർമാർ പറയുന്നത് കേൾക്കാനും നോട്ട് എഴുതാനും കഴിയുന്നുണ്ട്.
-വി.ജെ.ഏയ്ഞ്ചൽ, അഞ്ചാം ക്ലാസ് വിദ്യാർത്ഥി,
ആർ.സി.സി.എൽ.പി സ്‌കൂൾ
കഴിഞ്ഞമാസം മുതലാണ് ഈ രീതി നടപ്പാക്കിയത്. ഇത് കുട്ടികളുടെ പഠനനിലവാരത്തിൽ വലിയ മാറ്റമുണ്ടാക്കിയതായാണ് മനസിലാകുന്നത്.
-ലിജി, പ്രഥമ അദ്ധ്യാപിക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |