പത്തനംതിട്ട : ജില്ലാ പ്ളാനിംഗ് ഓഫീസ് കെട്ടിടത്തിന്റ കാര്യത്തിൽ പ്ളാനിംഗ് പിഴച്ചമട്ടാണ്. തറക്കല്ലിട്ടിട്ട് ഒൻപത് വർഷവും ആറ് മാസവും പിന്നിട്ടിട്ടും കെട്ടിടം ഉദ്ഘാടനം ചെയ്ത് ഓഫീസ് പ്രവർത്തനം ആരംഭിക്കാനായിട്ടില്ല. ഉദ്ഘാടനം എപ്പോൾ നടക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. രണ്ടുമാസത്തിനുള്ളിൽ ഉദ്ഘാടനം നടത്തുമെന്ന് പറയാൻ തുടങ്ങിയിട്ട് എട്ടുമാസം പിന്നിട്ടു. കഴിഞ്ഞവർഷം നവംബറിൽ ഉദ്ഘാടനം നടത്തുമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. ഇൻറ്റീരിയൽ വർക്കുകൾ മാത്രമാണ് അവശേഷിക്കുന്നത്.
ആറ് നിലകളിലായാണ് പ്ലാനിംഗ് ഓഫീസ് കെട്ടിടം. താഴത്തെ നിലയും ഒന്നാംനിലയുടെ പകുതിയും പാർക്കിംഗിന് നൽകും. തുടർന്നുളള മൂന്നുനിലകൾ ഓഫീസുകൾക്ക് ഉപയോഗിക്കും. പ്ലാനിംഗ് ഓഫീസ്, ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ ചേരുന്നതാണ് പ്ലാനിംഗ് വിഭാഗം. ഇപ്പോൾ പ്ലാനിംഗ് ഓഫീസ് കളക്ടറേറ്റിലും ബാക്കി രണ്ടുവിഭാഗങ്ങൾ മിനി സിവിൽ സ്റ്റേഷനിലുമാണ് പ്രവർത്തിക്കുന്നത്.
നിറംമാറി, ചെലവേറി
പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി ആദ്യം നീലയും വെള്ളയും നിറത്തിലായിരുന്നു പെയിന്റ്ം. ഇപ്പോൾ അതുമാറ്റി ക്രീം നിറമാക്കി. ആദ്യത്തെ പെയിന്റിംഗിന് തന്നെ വലിയൊരു തുക ചെലവായിട്ടുണ്ട്.
തുടക്കത്തിൽ 8.25 കോടിയായിരുന്നു എസ്റ്റിമേറ്റ് തുക. ശേഷം 10.46 കോടി രൂപയായി വർദ്ധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ വൺ ടൈം എ.എസ്.എ പദ്ധതി പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. 2015 നവംബറിൽ സ്ഥലം കൈമാറ്റം നടത്തി തറക്കല്ലിട്ട ഓഫീസ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത് 2016 ജനുവരിയിലാണ്. 2017 മാർച്ചിന് മുമ്പായി പണി തീർക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ക്വാറി ഉല്പന്നങ്ങളുടെ ക്ഷാമം തിരിച്ചടിയായി. വീണ്ടും കാലാവധി നീട്ടി നല്കി. അതോടെ നിർമ്മാണം വീണ്ടും നീളുകയായിരുന്നു. പണി അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ 11 കോടിയോളം ചെലവായി.
ആകെ എസ്റ്റിമേറ്റ് തുക : 11 കോടി
രണ്ട് മാസത്തിനുള്ളിൽ പദ്ധതിയുടെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ. ജില്ലാ പഞ്ചായത്ത് അധികൃതരും ജില്ലാ കളക്ടറും യോഗം ചേർന്ന് പദ്ധതി വേഗത്തിലാക്കും.
പ്ലാനിംഗ് ഓഫീസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |