തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് വീട് നിർമ്മിക്കുന്നതിനുള്ള ഭൂമിയുടെ രജിസ്ട്രേഷനാവശ്യമായ മുദ്രവില,രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ രണ്ട് വർഷത്തേക്ക് ഇളവ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.മറ്റ് ഏതുവിധേനയോ ലഭ്യമാകുന്ന ഭൂമിക്കും ഈ ഇളവുണ്ടാവും.ഭൂമി സ്വീകരിക്കുന്നയാൾ ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താവാണെന്നും ഭൂമി ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ വേണ്ടിയുള്ളതാണെന്നും ജില്ലാ കളക്ടറോ തഹസിൽദാരിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥനോ സാക്ഷ്യപത്രം നൽകണം.പ്രളയത്തിൽ തകർന്ന വീടുകൾക്ക് പകരം മുത്തുറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ പത്തനംതിട്ട ചിറ്റാർ വില്ലേജിൽ 12.31 ആർ സ്ഥലത്ത് നിർമ്മിച്ച 9 വീടുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള ആധാര രജിസ്ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കാനും തീരുമാനിച്ചു.
വയനാട് ടൗൺഷിപ്പ് നിർമ്മാണത്തിന് ത്രികക്ഷി കരാർ
തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള ത്രികക്ഷി കരാർ മന്ത്രിസഭായോഗം അംഗീകരിച്ചു. സർക്കാരും കിഫ്കോണും ഊരാളുങ്കൽ സൊസൈറ്റിയുമായാണ് കരാർ. കരാർ നടപ്പാക്കുന്നതിന് സ്പെഷ്യൽ ഓഫീസർ എസ്. സുഹാസിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. ടൗൺഷിപ്പിന് നേരത്തേ മന്ത്രിസഭായോഗം 351,48,03,778 രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിലാണ് ടൗൺഷിപ്പ് നിർമ്മാണം. ഓരോ കുടുംബത്തിനും ഏഴു സെന്റിൽ ആയിരം ചതുരശ്രയടി വിസ്തീർമുള്ള വീടാണ് നിർമിക്കുന്നത്. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, ലൈബ്രറി എന്നിവ ടൗൺഷിപ്പിലുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |