തൃശൂർ: അരനൂറ്റാണ്ടിലേറെക്കാലം പൗരസ്ത്യ കൽദായ സുറിയാനി സഭയെ നയിച്ച സഭയുടെ മുൻ അദ്ധ്യക്ഷനും പാത്രിയാർക്ക പ്രതിനിധിയുമായ മാർ അപ്രേം മെത്രാപ്പോലീത്തയുടെ കബറടക്കം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഇന്നലെ രാവിലെ ഏഴിന് വിശുദ്ധ കുർബാനയോടെ ചടങ്ങുകൾക്ക് തുടക്കമായി. പതിനൊന്നോടെ ആദ്യഘട്ട സംസ്‌കാര ശുശ്രൂഷകൾ പൂർത്തിയാക്കി നഗരി കാണിക്കൽ ചടങ്ങിലേക്ക് കടന്നു. മേയർ എം.കെ.വർഗീസ്, ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, സി.ആർ.വത്സൻ, കൗൺസിലർമാരായ ലീല വർഗീസ്, സിന്ധു ആന്റോ ചാക്കോള, മേഫി, ചേംബർ ഒഫ് കോമേഴ്‌സ് സെക്രട്ടറി സോളി തോമസ് തുടങ്ങി നിരവധി പ്രമുഖർ അനുഗമിച്ചു. മാർത്ത് മറിയം വലിയപള്ളിയങ്കണത്തിലെ കുരുവിളയച്ചൻ പള്ളിയിൽ കബറടക്കിയിട്ടുള്ള സഭാപിതാക്കൻമാർക്കു സമീപമാണ് മാർ അപ്രേമിനു പ്രത്യേക കല്ലറ ഒരുക്കിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾക്കുശേഷം കുരുവിളയച്ചൻപള്ളിയിൽ നടന്ന സംസ്‌കാരശുശ്രൂഷകൾക്ക് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. സ്ഥാനചിഹ്നങ്ങളോടെ സിംഹാസനസ്ഥനായ നിലയിലാണ് കബറടക്കം നടത്തിയത്. തുടർന്ന് പള്ളിയിൽ അനുശോചനസമ്മേളനം നടന്നു. ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള, മന്ത്രി കെ. രാജൻ, മേയർ എം.കെ വർഗീസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ.പി.രാജേന്ദ്രൻ, പി.ബാലചന്ദ്രൻ എം.എൽ.എ എന്നിവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. തിങ്കളാഴ്ച്ചയാണ് മാർ അപ്രേം മെത്രോപൊലീത്ത കാലം ചെയ്തത്.
അനുശോചന സമ്മേളനം
തൃശൂർ : മാർ അപ്രേമിന്റെ നിര്യാണത്തിൽ അനുശോചിച്ച് ചേർന്ന സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.മന്ത്രി കെ. രാജൻ മുഖ്യ പ്രഭാഷണം നടത്തി . മാർ ആൻഡ്രൂസ് താഴത്ത് , കുര്യാക്കോസ് മോർ ക്ലിമ്മിസ് , മേയർ എം. കെ. വർഗീസ് , ഡെപ്യൂട്ടി മേയർ എം.എൽ. റോസി , ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജോക്കബ് , ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്,സി.പി.എം ജില്ലാ സെക്രട്ടറി അബ്ദുൾ ഖാദർ, സി.പി.ഐ ജില്ലാ സെക്രട്ടറി വത്സരാജ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് , സി.ആർ.വൽസൻ , ഡോ.ടി. ടി. പോൾ, സിസ്റ്റർ ജിൻസി ഓത്തോട്ടിൽ , ഡോ. അബി പോൾ , ഫാ. ജാക്സ് ചാണ്ടി, ക്ലർജി സെക്രട്ടറി ഫാ. കെ. ആർ. ഇനാശു, വികാരി ജനറൽ ഫാ. ജോസ് ജേക്കബ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |