ആലുവ: ആലുവ നഗരസഭയിലെ സൈറൺ നിരോധിക്കപ്പെട്ട വിഷയത്തിൽ പ്രതിഷേധം ശക്തമാക്കി എൽ.ഡി.എഫ്. ഇന്നലെ ചേർന്ന അടിയന്തര കൗൺസിലിൽ ഇടതുപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു.
നഗരസഭാ സെക്രട്ടറിയുടെയും ചെയർമാന്റെയും കൃത്യനിഷ്ഠത ഇല്ലായ്മയാണ് ജില്ലാ കളക്ടർ സൈരൺ നിരോധിക്കാൻ കാരണമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സൈറൺ അടിയന്തരമായി പുന:സ്ഥാപിക്കാനുള്ള നടപടികളെടുക്കണമെന്ന് എൽ.ഡി.എഫ് കൗൺസിലർമാരായ പ്രതിപക്ഷ നേതാവ് ഗെയിൽസ് ദേവസി പയ്യപ്പിള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ബൈജു, ശ്രീലത വിനോദ് കുമാർ, ടിന്റു രാജേഷ്, ലീന വർഗീസ് എന്നിവർ ആവശ്യപ്പെട്ടു.
കങ്ങരപ്പടി സ്വദേശിയുടെ പരാതിയിൽ കഴിഞ്ഞ ഒന്ന് മുതലാണ് ജില്ലാ കളക്ടർ സൈറൺ മുഴക്കുന്നത് നിരോധിച്ചത്. ഭരണപക്ഷ കൗൺസിലർമാർക്കൊപ്പം ആദ്യം പ്രതിഷേധത്തിൽ പങ്കെടുത്ത സി.പി.എം പിന്നീടാണ് നഗരസഭയുടെ വീഴ്ച്ചയാണെന്ന് തിരിച്ചറിഞ്ഞ് പിൻമാറിയത്. തുടർന്നാണ് എൽ.ഡി.എഫിന്റെ പേരിൽ സമരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം നഗരസഭ കാര്യാലയത്തിന് മുമ്പിൽ എൽ.ഡി.എഫ് സൈറൺ മുഴക്കി പ്രതിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |