കേരളത്തിൽ കീം 2025 എൻജിനിയറിംഗ് റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഒഴിവായതോടെ പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് ആരംഭിച്ചു. 16ന് രാവിലെ 11വരെ ഓൺലൈൻ ഓപ്ഷൻ നൽകാം. 18ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 67,705 പേരുടെ എൻജിനിയറിംഗ് റാങ്ക് ലിസ്റ്റാണ് തുടക്കത്തിൽ തയ്യാറാക്കിയത്. കേരളത്തിലെ സർക്കാർ, സ്വാശ്രയ, സഹകരണ, എൽ.ബി.എസ് എൻജിനിയറിംഗ് കോളേജുകളിലെ അഡ്മിഷൻ ഈ റാങ്ക് ലിസ്റ്റിൽ നിന്നാണ്.
ഏത് ബ്രാഞ്ച് തെരഞ്ഞെടുക്കണം
55 ഓളം എൻജിനിയറിംഗ് ബ്രാഞ്ചുകൾ കേരളത്തിലുണ്ട്. കമ്പ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട 19 ഓളം ബ്രാഞ്ചുകളുണ്ട്. ഇവ ആത്യന്തികമായി കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബ്രാഞ്ചുകൾ തന്നെയാണ്. ഇലക്ട്രോണിക്‌സ് & ഇൻസ്ട്രുമെന്റഷൻ, സിവിൽ, മെക്കാനിക്കൽ, പ്രൊഡക്ഷൻ എൻജിനിയറിംഗിലും സമാന ബ്രാഞ്ചുകളുണ്ട്.
കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിനാണ് ഇപ്പോൾ വിദ്യാർത്ഥികൾ കൂടുതലായി താത്പര്യപ്പെടുന്നത്. ഏത് എൻജിനിയറിംഗ് ബ്രാഞ്ചെടുത്താലും 80 ശതമാനത്തോളം പ്ലേസ്‌മെന്റ് കമ്പ്യൂട്ടർ, ഐ.ടി അധിഷ്ഠിത മേഖലയിലാണ്. കോർ എൻജിനിയറിംഗ് ബ്രാഞ്ചുകളായ സിവിൽ,മെക്കാനിക്കൽ,ഇലക്ട്രിക്കൽ,ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എന്നിവയ്ക്കും സാദ്ധ്യതകളുണ്ട്. പക്ഷെ ഉപരിപഠനമോ സ്‌പെഷ്യലൈസേഷനോ സ്‌കിൽ വികസന കോഴ്‌സുകളോ ബിരുദ ശേഷം ആവശ്യമായി വരും. കെമിസ്ട്രിയിൽ താല്പര്യമുള്ളവർക്ക് കെമിക്കൽ എൻജിനിയറിംഗും ബയോളജിയോട് അഭിമുഖ്യമുള്ളവർക്കു ഡയറി സയൻസ് & ടെക്‌നോളജി, അഗ്രിക്കൾച്ചർ എൻജിനിയറിംഗ്,ബയോടെക്‌നോളജി,ബയോമെഡിക്കൽ,ഫുഡ് ടെക്‌നോളജി,ഫുഡ് എൻജിനിയറിംഗ്,എൻവിറോൺമെന്റൽ എൻജിനിയറിംഗ് ബ്രാഞ്ചുകൾ എന്നിവ തെരഞ്ഞെടുക്കാം.
ഓപ്ഷൻ നൽകാൻ ഗൃഹപാഠം നിർബന്ധം
താല്പര്യത്തിനനുസരിച് ഒരാൾക്ക് എത്ര ഓപ്ഷനുകളും നൽകാം. ഇത് സ്ഥാപനങ്ങൾക്കനുസരിച്ചോ ബ്രാഞ്ചുകൾക്കനുസരിച്ചോ ആകാം. പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ഓൺലൈനായി ഓപ്ഷൻ നൽകേണ്ടത്.
ഓപ്ഷൻ നല്കുന്നതിനുമുമ്പ് താല്പര്യമുള്ള കോളേജുകൾ, ബ്രാഞ്ചുകൾ, മുൻവർഷത്തെ അവസാന റാങ്കുകൾ എന്നിവ അറിഞ്ഞിരിക്കണം. കോളേജുകൾ തെരഞ്ഞെടുക്കുമ്പോൾ ഭൗതിക സൗകര്യം, ഫാക്കൽറ്റി, വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം, പ്ലേസ്‌മെന്റ്, ഹോസ്റ്റൽ സൗകര്യം എന്നിവ വിലയിരുത്തണം. സർക്കാർ കോളേജുകളിൽ അഡ്മിഷൻ ലഭിക്കാൻ മികച്ച റാങ്ക് വേണം. ഇവിടെ ഫീസും കുറവാണ്. മുൻ വർഷങ്ങളിലെ റാങ്ക്, ലഭിച്ച ബ്രാഞ്ച്, കോളേജ് എന്നിവ പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്ററിൽ നിന്ന് അറിയാൻ സാധിക്കും. 2024 ലെ അവസാന റാങ്ക് വിലയിരുത്തുന്നത് ഏകദേശ സൂചന ലഭിക്കാൻ സഹായിക്കും. എൻജിനിയറിംഗ് രംഗത്തുള്ള സാങ്കേതിക വളർച്ച, ഇന്നോവേഷൻ, ഭാവി തൊഴിലുകൾ, ഫീസ് ഘടന, വിദേശ പഠന സാദ്ധ്യത എന്നിവ വ്യക്തമായി മനസിലാക്കിയിരിക്കണം.
ഓപ്ഷൻ എങ്ങനെ നൽകാം
വെബ്‌സൈറ്റിൽ യൂസർ നെയിം, പാസ്‌വേർഡ് എന്നിവ എന്റർ ചെയ്ത് ക്യാൻഡിഡേറ്റ് പോർട്ടലിലെത്തി ഓൺലൈൻ ഓപ്ഷൻ പ്രക്രിയ തുടങ്ങാം. ഓപ്ഷൻ നൽകുന്നതിന് മുമ്പ് കോഴ്‌സ് കോഡ്, കോളേജിന്റെ കോഡ് എന്നിവ മനസിലാക്കണം.
നിങ്ങൾ നൽകിയ ഓപ്ഷൻ അനുസരിച്ച് മോക്ക് അലോട്ട്‌മെന്റ് ലിസ്റ്റ് ഓൺലൈനിൽ പ്രസിദ്ധീകരിക്കും. തുടർന്ന് മുൻഗണന പട്ടികയിൽ മാറ്റം വരുത്താൻ നിശ്ചിത സമയം ലഭിക്കും. ഓപ്ഷൻ നൽകിയാൽ ഓപ്ഷൻ ലോക്ക് ചെയ്യണം. ആദ്യ അലോട്ടുമെന്റിൽ തന്നെ ഫീസടച്ച് അഡ്മിഷനെടുക്കണം. തുടർ ഓപ്ഷൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ confirm ബട്ടനിൽ ക്ലിക്ക് ചെയ്യണം. റാങ്ക്, ഓപ്ഷൻ എന്നിവയ്ക്കനുസരിച്ച് യോഗ്യമായ ബ്രാഞ്ചും, കോളേജും നിങ്ങൾക്ക് ലഭിക്കും. എല്ലാ ജില്ലകളിലും ഓപ്ഷൻ നല്കാൻ നോഡൽ കേന്ദ്രങ്ങളുണ്ട്. എൻജിനിയറിംഗ് കോളേജുകളിലും ഇതിനുള്ള അവസങ്ങളുണ്ട്. ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് നാറ്റ റിസൾട്ടിനുശേഷം പ്രസിദ്ധീകരിക്കുന്നതിനാൽ തുടർ നടപടിക്രമങ്ങൾ പിന്നീട് അറിയിക്കും. ഫാർമസി വിഭാഗത്തിൽ 27,841പേർ റാങ്ക് ലിസ്റ്റിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |