തിരുവനന്തപുരം: സ്കൂളുകളിൽ തസ്തികനിർണയത്തിന്റെ ഭാഗമായി കുട്ടികളുടെ യു.ഐ.ഡി ഓൺലൈനായി തിരുത്താൻ 16 വരെ അവസരം. എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികളുടെ പേരിലെ മൂന്ന് അക്ഷരം വരെയുള്ള തെറ്റുകൾ ഓൺലൈനായി തിരുത്താം. ഒന്നാംക്ളാസ് ഒഴികെയുള്ള ക്ളാസുകളിലെ വിദ്യാർത്ഥികളുടെ ജനനത്തീയതിയിലെ മാസവും ദിവസവും തിരുത്താം. വർഷം തിരുത്താനാവില്ല. ഒന്നാംക്ലാസിലെ കുട്ടിയുടെ ജനനത്തീയതിയിലെ വ്യത്യാസം 16 ന് ശേഷം ഡിഡിമാർ നിശ്ചയിക്കുന്ന സമയത്ത് നേരിട്ട് ഹാജരായി മാത്രമേ തിരുത്താനാവൂ.
സൈബർ ഫോറൻസിക്, എം.സി.എ കോഴ്സുകളിൽ സീറ്റൊഴിവ്
തിരുവനന്തപുരം: കേരള സർക്കാർ നിയന്ത്രണത്തിലുള്ള സീപാസിന് കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം പുല്ലരിക്കുന്ന് സ്കൂൾ ഒഫ് ടെക്നോളജി ആൻഡ് അപ്ളൈഡ് സയൻസസിൽ ഡേറ്റ സയൻസ് സ്പെഷ്യലൈസേഷനോടു കൂടിയ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, ബി.എസ്സി സൈബർ ഫോറൻസിക്, എം.എസ്സി സൈബർഫോറൻസിക്, എം.സി.എ കോഴ്സുകൾക്ക് ജനറൽ, എസ്.സി/എസ്.ടി വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. എസ്.സി/എസ്.ടി, ഒ.ഇ.സി,ഒ.ബി.സി(എച്ച്) വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ:6282397396, 94464 04014, 9605518774.
എസ്.എസ്.കെയിൽ ശമ്പളത്തിനും കുട്ടികളുടെ
യൂണിഫോമിനുമായി40 കോടി അനുവദിച്ചു
തിരുവനന്തപുരം: സമഗ്രശിക്ഷാ കേരളയിൽ ജീവനക്കാരുടെ മേയ് മാസത്തെ ശമ്പളത്തിനുള്ള തുകയും കുട്ടികളുടെ യൂണിഫോമിനുള്ള തുകയും ചേർത്ത് സംസ്ഥാന സർക്കാർ 40 കോടി അനുവദിച്ചു.
പി.എം.ശ്രീ പദ്ധതി കേരളം നടപ്പാക്കാത്തതിന്റെ പേരിൽ കേന്ദ്ര വിഹിതം കുടിശ്ശികയായിരിക്കെയാണ് സർക്കാരിന്റെ ഇടപെടൽ. മുൻ മാസങ്ങളിലും സംസ്ഥാന സർക്കാർ അധികതുക അനുവദിച്ചാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിലടക്കം പ്രതിസന്ധി പരിഹരിച്ചത്. എസ്.എസ്.എകെയ്ക്ക് 1444 കോടിയാണ് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളത്.
കേരളത്തിലെ 336 സ്കൂളുകളെ പിഎം ശ്രീ സ്കൂളുകളായി മാറ്റണമെന്നാണ് കേന്ദ്ര നിർദ്ദേശം. ഒരു ബിആർസിയിൽ രണ്ട് സ്കൂളുകൾ ഇത്തരത്തിൽമാറ്റി കേന്ദ്ര ബ്രാൻഡിങ് നടത്തണം. പിഎം ശ്രീ സ്കൂളുകളിലെ പാഠ്യപദ്ധതി ഉൾപ്പെടെ കേന്ദ്രമാകും തീരുമാനിക്കുക. വിഷയത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സംസ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |