തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ മൂന്നുപേർ അറസ്റ്റിൽ.മരുത്തൂർ സ്വദേശി ജ്യോതിഷ്,നാലാഞ്ചിറ സ്വദേശി കാപ്പിരി ജിതിൻ എന്ന ജിതിൻ രാജ്, മുട്ടട സ്വദേശി സച്ചുലാൽ എന്നിവരാണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 7നായിരുന്നു സംഭവം.മെഡിക്കൽ കോളേജ് സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുള്ളയെയാണ്(22) തട്ടിക്കൊണ്ടുപോയത്.പ്രതികൾ കഞ്ചാവ് വില്പന നടത്തുന്നത് എക്സൈസിനെ അറിയിച്ചതിലുള്ള വിരോധത്തിലാണ് ആറംഗസംഘം അബ്ദുള്ളയെ തട്ടിക്കൊണ്ടുപോയതെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.
എയർപോർട്ടിലെ ജീവനക്കാരനായ അബ്ദുള്ളയെ വെട്ടുകത്തി കാണിച്ച് പ്രതികൾ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു.തുടർന്ന് നാലാഞ്ചിറ കുരിശടി ജംഗ്ഷന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുവന്ന് ക്രൂരമായി മർദ്ദിച്ചു.വാളുകൊണ്ട് കാൽപ്പാദം വെട്ടിപ്പരിക്കേൽപ്പിച്ചു. കത്രിക കൊണ്ട് ഇയാളുടെ തല മൊട്ടയടിച്ചു.തുടർന്ന് ഇയാളുടെ കണ്ണ് കെട്ടി വട്ടിയൂർക്കാവ് പരിസരത്തും കൊണ്ടുപോയി മർദ്ദിച്ചു. 8ന് വൈകിട്ട് 6ഓടെ പ്രതികൾ അബ്ദുള്ളയെ പട്ടം ചാലക്കുഴി റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
അബ്ദുള്ളയെ കാണാനില്ലെന്ന് കാട്ടി അമ്മ നൽകിയ പരാതിയിൽ പൊലീസ് സി.സിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.ഗുരുതരമായി പരിക്കേറ്ര അബ്ദുള്ള രണ്ടുദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മറ്റ് പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. അറസ്റ്റിലായവരെല്ലാം നിരവധി അടിപിടിക്കേസുകളിൽ പ്രതികളാണ്. ഇവരെ ഇന്ന് റിമാൻഡ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |