തൃശൂർ: അപകടക്കെണിയായി മണ്ണുത്തി - പാലക്കാട് ദേശീയപാതയിലെ അനധികൃത പാർക്കിംഗ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രണ്ടു പേർക്കാണ് റോഡിൽ നിറുത്തിയിട്ട വാഹനങ്ങളിലിടിച്ച് ജീവൻ നഷ്ടമായത്. രാത്രിയിൽ ദേശീയപാതയുടെ വശങ്ങളിൽ പാർക്ക് ലൈറ്റോ സിഗ്‌നലുകളോ വയ്ക്കാതെ നിറുത്തിയിടുന്ന ലോറി അടക്കമുള്ള വാഹനങ്ങളാണ് അപകടങ്ങൾക്ക് കാരണം. മഴ ശക്തമായാൽ നിറുത്തിയിടുന്ന വാഹനങ്ങൾ യാത്രക്കാരുടെ ശ്രദ്ധയിൽ പെടില്ല.
വേഗം കുറച്ച് പോകുന്ന ഇടതുവശത്തെ ട്രാക്കിലാണ് ചരക്കുലോറികളും ട്രെയിലർ ലോറികളും ഉൾപ്പെടെയുള്ളവ നിറുത്തിയിടുന്നത്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് ഈവിധം ഉണ്ടാകുന്ന അപകടങ്ങളിലെ ഇരകളിലേറെയും. സർവീസ് റോഡുകളിലും വാഹനങ്ങൾ നിറുത്തിയിടുന്നത് പതിവാണ്.
പട്ടിക്കാട്, മണ്ണുത്തി, ചുവന്നമണ്ണ്, കുതിരാൻ തുടങ്ങിയ ഭാഗങ്ങളിൽ വാഹന പാർക്കിംഗിന്റെ നീണ്ടനിര കാണാം. കുതിരാൻ തുരങ്കത്തിലേക്കുള്ള വഴിയിലും തുരങ്കത്തിനുള്ളിലും വരെ അനധികൃതമായി വാഹനങ്ങൾ നിറുത്തിയിടുന്നുണ്ട്. ചുവന്നമണ്ണിലെ കൺസ്യൂമർഫെഡിന്റെ വിദേശമദ്യഷാപ്പിന് മുൻപിൽ പാർക്ക് ചെയ്യുന്നത് അപകടങ്ങൾ ഉണ്ടാക്കിയതോടെ പീച്ചി പൊലീസ് ഇടപെട്ട് നിയന്ത്രിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇവിടെ നിറുത്തിയിട്ടിരുന്ന ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. വാഹനങ്ങൾ നിറുത്തിയാൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ വീണ്ടും പ്രദേശത്ത് വാഹന പാർക്കിംഗ് വർദ്ധിക്കുകയാണ്.
ഇടപെടാതെ ഹൈവേ പൊലീസും
ദേശീയപാതയിൽ അപകടകരമായ രീതിയിൽ നിറുത്തിയിടുന്ന വാഹനങ്ങൾ മാറ്റിയിടാൻ അധികൃതർ ഇടപെടാറില്ലെന്ന് വ്യാപക പരാതി. ഹൈവേ പൊലീസും ഇക്കാര്യത്തിൽ നടപടിയെടുക്കാറില്ല. തകരാറിലായ വാഹനങ്ങൾ ദേശീയ പാതയോരത്ത് നിന്ന് മാറ്റിയിടാൻ കരാറുകാരന് ക്രെയിൻ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇത് ഉപയോഗിക്കാറില്ല. ഇത്തരം വാഹനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിടാനുള്ള സഹായം ചെയ്യേണ്ട ഉത്തരവാദിത്വം കരാറുകാരനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |