അമ്പലപ്പുഴ : ദേശീയ പാത നിർമ്മാണത്തിനിടെ പൈപ്പ് പൊട്ടിയ ഭാഗം കണ്ടുപിടിക്കാനാകാതെ അറ്റകുറ്റപ്പണി വൈകുന്നതിനാൽ കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആറുമാസത്തോളമായി. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് പായൽക്കുളങ്ങര മുതൽ അയ്യൻ കോയിക്കൽ വരെയുള്ള പ്രദേശത്താണ് പെപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പൊട്ടിയസ്ഥലം കണ്ടു പിടിച്ച് അറ്റകുറ്റപ്പണി നടത്താൻ വാട്ടർ അതോറിറ്റി അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. രാത്രിയിൽ ബൈക്കിൽ വരുന്നവർ റോഡിലെ കുഴി അറിയാതെ മറിഞ്ഞ് വീഴുന്നത് നിത്യസംഭവമാണ്. ശുദ്ധജലം പാഴാകുന്നതിനാൽ പുറക്കാട് പഞ്ചായത്തിലെ പല പ്രദേശങ്ങളിലും വീടുകളിൽ കുടിവെള്ളം ലഭിക്കുന്നുമില്ല. കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് നിരവധി സമരങ്ങൾ പഞ്ചായത്ത് അംഗങ്ങളും, നാട്ടുകാരും നടത്തിയെങ്കിലും വാട്ടർ അതോറിറ്റി ജീവനക്കാർക്ക് പൊട്ടിയസ്ഥലം തിരിച്ചറിയാൻ കഴിയാത്തതിനാൽ അറ്റകുറ്റപണി നടത്താനാവാത്ത സ്ഥിതിയും ഉണ്ട്. കാൽനടയായി പോലും യാത്ര ചെയ്യാനാവാത്ത സ്ഥിതിയിൽ പ്രദേശത്തെ റോഡ് വെള്ളവും പൂഴിയും കലർന്ന് കിടക്കുകയാണ്. ഉന്നതാധികാരികൾ ഇടപെട്ട് പ്രശ്ന പരിഹാരം കാണണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |