കൊൽക്കത്ത: കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ യുവതിയെ ബോയ്സ് ഹോസ്റ്റലിൽ വച്ച് പീഡിപ്പിച്ച് രണ്ടാം വർഷ വിദ്യാർത്ഥി. സംഭവത്തിൽ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥിനികൾക്ക് നേരെ അക്രമങ്ങൾ വർദ്ധിക്കുന്നുവെന്ന ആരോപണം രൂക്ഷമാവുന്നതിനിടെയാണ് പുതിയ സംഭവം. വെള്ളിയാഴ്ച ഹരിദേവ്പൂർ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.ഐ.എമ്മിലെ രണ്ടാം വർഷ വിദ്യാർത്ഥിയും കർണാടക സ്വദേശിയുമായ പരമാനന്ദ് ടോപ്പാനുവാറെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൗൺസിലിംഗ് സെഷന്റെ മറവിൽ ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് തന്നെ എത്തിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. അവിടെയെത്തിയപ്പോൾ ഭക്ഷണവും പാനീയങ്ങളും വാഗ്ദാനം ചെയ്തു. തുടർന്ന് ബോധം നഷ്ടപ്പെട്ടു. ബോധം വീണ്ടെടുത്തപ്പോൾ ഹോസ്റ്റലിനകത്താണെന്നും താൻ മാനഭംഗത്തിന് ഇരയായെന്നും തിരിച്ചറിഞ്ഞു. പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് ഹോസ്റ്റൽ മുറിയിൽ നിന്ന് രക്ഷപ്പെട്ട യുവതി സുഹൃത്തിനോട് വിവരം അറിയിക്കുകയായിരുന്നു.
പ്രതിയായ വിദ്യാർത്ഥിയെ വെള്ളിയാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മാനഭംഗത്തിനും വിഷം നൽകി ആക്രമിച്ചതിനും പൊലീസ് കേസെടുത്തു. പ്രതിയെ കൂടാതെ സംഭവത്തിൽ നാല് പേർക്ക് കൂടി പങ്കുള്ളതായാണ് വിവരം. സുരക്ഷാ ജീവനക്കാരനേയും പൊലീസ് ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഹോസ്റ്റലിൽ നിന്ന് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു.
യുവതി പീഡനത്തിനിരയായിട്ടില്ല: പിതാവ്
അതിനിടെ മകൾ ലെെംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് യുവതിയുടെ പിതാവിന്റെ വെളിപ്പടുത്തൽ. തന്റെ മകൾ ഓട്ടോറിക്ഷയിൽ നിന്ന് വീണതാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 9.34ന് തന്റെ മകൾ ഒരു ഓട്ടോറിക്ഷയിൽ നിന്ന് വീണ് ബോധം നഷ്ടപ്പെട്ടുവെന്നും മകളെ എസ്.എസ്.കെ.എം ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ലെെംഗികാതിക്രമം നടന്നിട്ടില്ലെന്ന് മകൾ തന്നോട് പറഞ്ഞിരുന്നു. പൊലീസാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. അറസ്റ്റിലായ ആളുമായി അവൾക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |