കോലഞ്ചേരി: വെളിച്ചെണ്ണയുടെ വില കിലോയ്ക്ക് 500 രൂപ പിന്നിട്ടതോടെ ഇക്കുറി ഓണത്തിന് ഉപ്പേരിക്ക് പൊള്ളുന്ന വിലയാകുമെന്ന് ഉറപ്പായി. സെപ്തംബർ ആദ്യവാരത്തേക്കുള്ള ഓണവിഭവങ്ങൾ ഒരുക്കാൻ കച്ചവടക്കാർ തുടങ്ങിയതോടെയാണ് വിലയെക്കുറിച്ചുള്ള ആശങ്ക ഉയരുന്നത്. ഓണക്കാലത്ത് നേന്ത്രക്കായയുടെ വില ഉയരുന്നത് പതിവാണെങ്കിലും, ഇക്കുറി നേന്ത്രനേക്കാൾ വലിയ ഭീഷണി വെളിച്ചെണ്ണ വിലയിലാണ്.
വെളിച്ചെണ്ണയ്ക്ക് സമാനമായി മറ്റ് സസ്യ എണ്ണകളുടെ വിലയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിദേശത്തേക്കടക്കം ശുദ്ധമായ വെളിച്ചെണ്ണയിലാണ് ഉപ്പേരി ഉണ്ടാക്കി കയറ്റുമതി ചെയ്യുന്നത്.
ഉപ്പേരിവിലയിൽ ചാഞ്ചാട്ടം
കഴിഞ്ഞ വർഷം ഒരു കിലോ ഉപ്പേരിക്ക് 400 രൂപയും ശർക്കര വരട്ടിക്ക് 450 രൂപയുമായിരുന്നു വില. എന്നാൽ, ഇക്കുറി നിലവിൽ 550-600 രൂപ നിരക്കിലാണ് ഇവയുടെ വില്പന. ഈ വില താത്കാലികം മാത്രമാണെന്നും വെളിച്ചെണ്ണയുടെ വില മാറ്റത്തിനനുസരിച്ച് വില ഇനിയും കൂടുമെന്നും കച്ചവടക്കാർ പറയുന്നു. അടിക്കടി വെളിച്ചെണ്ണ വില കുതിക്കുന്നതോടെ ഉപ്പേരിയുടെ വില്പന വില നിർണയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്. മറ്റ് എണ്ണകൾ ഉപയോഗിച്ച് തയ്യാറാക്കുന്നവയേക്കാൾ, ശുദ്ധമായ വെളിച്ചെണ്ണയിൽ വറുക്കുന്ന ഉപ്പേരിക്കാണ് രുചിയും ആവശ്യക്കാരും കൂടുതൽ.
കടകളിൽ തിരക്കായി
ചിപ്‌സ് തയ്യാറാക്കി നൽകുന്ന കടകളിൽ ഇപ്പോൾത്തന്നെ തിരക്ക് കൂടിയിട്ടുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടിൽ നിന്ന് ഉപ്പേരി വിപണിയിലെത്തിയിട്ടുണ്ടെങ്കിലും ഗുണമേന്മ കുറവായതിനാലും മറ്റ് സസ്യ എണ്ണകളിൽ ഉത്പ്പാദിപ്പിക്കുന്നതിനാലും അവയ്ക്ക് ആവശ്യക്കാർ കുറവാണ്. വിദേശത്തുനിന്ന് എത്തി തിരികെ മടങ്ങുന്ന പ്രവാസികൾ ഇപ്പോൾത്തന്നെ വലിയ ഓർഡറുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |