പൂവാർ: ലഹരി മാഫിയകളുടെ താവളമായി മാറിയിരിക്കുകയാണ് തീരപ്രദേശമെന്ന് നാട്ടുകാർ പറയുന്നു. ഇവിടം കേന്ദ്രമാക്കി അന്തർസംസ്ഥാന മയക്കുമരുന്ന് സംഘങ്ങൾ വിലസുന്നുവെന്നാണ് ആരോപണം. പൊലീസിനെയും എക്സൈസിനെയും കാഴ്ചക്കാരാക്കിയാണ് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന വാഹനങ്ങളിൽ ലഹരി വസ്തുക്കൾ എത്തിച്ച് വിപണനം നടത്തുന്നത്.
തീരപ്രദേശത്തെ യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരിയുടെ ഉപയോഗം ക്രമാതീതമായി ഉയരുന്ന സാഹചര്യം നിലവിലുണ്ടെന്ന് ബോധ്യമുള്ള സഭാനേതൃത്വം ലഹരിക്കെതിരെ പ്രതിരോധം തീർത്തത് ശ്രദ്ധേയമായിരുന്നു. രാത്രികാലങ്ങളിൽ തീരത്തെത്തുന്ന പുതിയതുറക്കാർ അല്ലാത്തവരെ സംശയാസ്പദമായി കണ്ടാൽ ബോധവത്കരണം നൽകി പറഞ്ഞയക്കും. മദ്യം, ലഹരി വസ്തുക്കൾ എന്നിവ വിൽക്കുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയുന്നത് കർശനമായി തടയും. ബോധവത്കരണത്തിന്റെ ഭാഗമായി ജനങ്ങൾ ഒരുമിച്ച് കൂടുന്നിടങ്ങളിൽ ഫ്ളക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. രാത്രി 9ന് ശേഷം മക്കൾ വീട്ടിൽ ഉണ്ടെന്ന് മാതാപിതാക്കൾ ഉറപ്പു വരുത്തണമെന്നും നിർദ്ദേശം നൽകിയിരുന്നു.
മയക്കുമരുന്നുകളും വിദേശ മദ്യങ്ങളും
തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഇവിടെയ്ക്ക് മയക്കുമരുന്നുകളും വിദേശ മദ്യങ്ങളും ഒഴുകുകയാണ്. തീരപ്രദേശത്തെ ടൂറസ്റ്റ് കേന്ദ്രങ്ങളിലാണ് ഇവരുടെ പ്രധാന താവളം. ഹോട്ടലുകളും, റിസോർട്ടുകളും, കൂടാതെ ആഡംബര ബോട്ടുകളിലും മയക്കുമരുന്ന് കച്ചവടം സുലഭമാണ്. ഇവിടങ്ങൾ കേന്ദ്രീകരിച്ച് പൊലീസും എക്സൈസും നടത്തിയ റെയ്ഡിൽ മയക്കുമരുന്നിന്റെയും വിവിധതരം വിദേശ മദ്യങ്ങളുടെയും വൻ ശേഖരങ്ങളാണ് പിടികൂടിയിട്ടുള്ളത്.
വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച്
ലഹരി വില്പന
യുവാക്കൾ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് ലഹരി വില്പന കൂടുതലും നടക്കുന്നത്. തീരപ്രദേശത്തെ സ്കൂളുകളെയാണ് ലഹരി മാഫിയകൾ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളെ സ്വാധീനിച്ച് ലഹരി ഉപയോഗിക്കുന്നവരാക്കും പിന്നീട് സാമ്പത്തിക ലാഭം പ്രലോഭനമാക്കി ഇടനിലക്കാരാക്കുകയാണ് പതിവ്.
അധികൃതർ നടപടിയെടുക്കണം
മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്നവരുടെ ജീവിത മാർഗങ്ങൾ നശിപ്പിച്ചും വീടുകൾക്കു നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടും ജീവന് ഭീഷണി ഉയർത്തുന്ന കൈയേറ്റങ്ങൾ നടത്തിയും ലഹരി മാഫിയകൾ തീരദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. പുതിയതുറ കേന്ദ്രീകരിച്ച് അടുത്തകാലത്ത് കഞ്ചാവ് വില്പന ശക്തിപ്രാപിച്ചിരുന്നു. നിരവധിപേരെ കഞ്ചാവുമായി പിടികൂടുകയും ചെയ്തു. ഇവർ വീണ്ടും ലഹരിയുടെ വക്താക്കളായി മാറാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |